സ്ത്രീധന സമ്പ്രദായം എങ്ങിനെ
അവസാനിപ്പിക്കാം?
ഈയടുത്ത്
ഒരു സുഹൃത്ത് രാവിലെ വിളിച്ചു ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കല്യാണത്തിന്
എന്തെങ്കിലും സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ടു. ഗള്‍ഫ് ജീവിതത്തില്‍ ഇതൊരു പുതിയ
അനുഭവമല്ലെങ്കിലും ഇപ്പോഴത്തെ ഒമാനിലെ വിവാഹങ്ങളില്‍ ഇടക്കിടക്ക്
പങ്കെടുക്കുന്നതിനാല്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു. പെണ്‍കുട്ടിക്ക്
അവകാശപ്പെട്ട മഹര്‍ (ചുരുങ്ങിയത് നമ്മുടെ 7 -8 ലക്ഷം രൂപ) കൊടുക്കാന്‍
ഇല്ലാത്തതിനാല്‍ കല്യാണം ഒരു പാട് നീട്ടി വെക്കേണ്ടി വരുന്ന നിരവധി ചെറുപ്പക്കാര്‍.
ഓര്‍മ്മകള്‍
എന്നെ പി എസ് കെ എന്ന മനുഷ്യനിലേക്ക് നയിച്ചു. 90 കളുടെ അവസാനത്തില്‍ ഞാന്‍ പി ജി
ക്ക് പഠിക്കുമ്പോള്‍ കോട്ടയത്താണ് സംഭവം. നാല് പെണ്മക്കളുള്ള പി എസ് കെ എന്ന
മനുഷ്യന്‍ നാലാമത്തെ പെണ്‍ കുട്ടിയേയും സ്ത്രീധനം കൊടുത്തു കെട്ടിച്ചതിനു ശേഷം
തന്റെ ഭാര്യയുടെ കൈയും പിടിച്ചു തെരുവിലേക്കിറങ്ങിയ ചിത്രം ഇന്നും കണ്ണില്‍ മായാതെ
നില്‍ക്കുന്നു. ഉപ്പയും ഉമ്മയും ഈ വീട്ടില്‍ തന്നെ താമസിചോളൂ എന്ന് പറയാന്‍ ആ
സ്ത്രീധനം വാങ്ങിയ മരുമകന് സാധിച്ചില്ല. കാരണം, അവന്റെ പെങ്ങള്‍ക്ക് കൊടുക്കാന്‍ ആയിരുന്നു ആ സ്ത്രീധന സ്ഥലം.
80 കളില്‍
ആണെന്നാണ് ഓര്‍മ. കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ സ്ത്രീധനത്തിനെതിരെ ശക്തമായ
കാംപൈനുകള്‍ നടത്തുകയുണ്ടായി. പക്ഷെ, അത് കൊണ്ട് ഈ പൈശാചിക വൃത്തി കുറഞ്ഞു എന്ന് ഇതുവരെ
തോന്നിയിട്ടില്ല. കൂടിയിട്ടെ ഒള്ളൂ താനും. ഇതേ കാലയളവില്‍ തന്നെയാണ് നിരവധി
മാപിളപ്പാട്ടുകളും ഈ സ്ത്രീധനത്തെ എതിര്‍ത്ത് കൊണ്ട് ഇറങ്ങുകയുണ്ടായി. എന്ത്
ചെയ്യാം സ്ത്രീധനം പിന്നെയും നിലനിന്നു. 90 കളില്‍ സ്ത്രീധനത്തിനെതിരെ 'സ്ത്രീധനം' എന്ന പേരില്‍ ഒരു സിനിമ ഇറങ്ങുകയുണ്ടായി.
എന്നിട്ടും സ്ത്രീധനം പിന്നെയും തുടര്‍ന്നു. ഇടവും ചുര്ങ്ങിയത് സ്ത്രീധനത്തെ എതിര്‍ത്ത
മുസ്ലിമ്കള്‍ക്കെങ്കിലും അപമാനമായി.
രണ്ടായിരമാണ്ടിന്റെ
തുടക്കത്തില്‍ ചില യാഥാസ്ഥിക സംഘടനകള്‍ ഇറക്കുന്ന മാസികയില്‍ സ്ത്രീധനത്തെ
ന്യായീകരിച്ചു വന്ന ലേഖനങ്ങള്‍ കണ്ടു ഒരു പാട് വ്യസനപ്പെട്ടു പോയി. പാവം
വീട്ടമ്മമാര്‍ ചിലര്‍ പറയുന്നു സ്ത്രീധനം അവര്‍ക്കൊരു സംരക്ഷണം ആണത്രേ.
സ്ത്രീധനത്തിന്റെ കണക്ക് ചോദിച്ചു പിടിച്ചു നില്‍ക്കാം എന്ന്. മോശം ഭര്‍ത്താവിന്റെ
അടുത്ത് സ്ത്രീധനത്തിന്റെ കണക്ക് പറഞ്ഞു പിടിച്ചു നില്കാനവുമോ? ഇപ്പോഴും സ്ത്രീധനം ശരിയല്ല എന്ന്
അംഗീകരിക്കുമ്പോള്‍ തന്നെ അതിനെതിരെ ശക്തമായ നിലപ്പാടു എടുക്കാന്‍ പണ്ഡിതന്മാര്‍ക്ക്
സാധിക്കുന്നില്ല എന്നാണ് നമുക്ക് മനസ്സിലക്കാനാവുന്നത്. അവിടെയും ഇവിടെയും തൊടാതെ
സ്ത്രീധനത്തെ എതിര്‍ത്താല്‍ എങ്ങിനെ സ്ത്രീധനം എന്നാ ദുരാചാരം ഇല്ലാതാവും? http://www.muslimpath.com/newversion/?p=1036
രണ്ട് തരത്തിലുള്ള ന്യായങ്ങളാണ് സാധാരണ സ്ത്രീധനത്തെ
എതിര്‍ക്കാതിരിക്കാന്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഉപയോഗിക്കുന്നത്. ഒന്ന്, സ്ത്രീധനം ഉപ്പ മകള്‍ക്ക് കൊടുക്കുന്ന സമ്മാനമാണ്. അത് ഉപ്പ മകന്ക്ക്
ബൈക്ക് വാങ്ങികൊടുക്കുന്ന പോലെയോ മകള്‍ക്ക് സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങി കൊടുക്കുന്ന
പോലെയോ ആണ്. അതിനാല്‍ അനുവദിനീയമാണ്. ഈ വാദം ആപല്‍ക്കരവും അതി ശക്തമായ് സാമൂഹ്യ
വിപത്തിനെ ലളിത വല്കരിക്കലും ആണ്. കണക്ക് നേര്‍ക്ക് നേരെ പറഞ്ഞും 'മൂതവന്ക്ക് ഇത്ര കിട്ടിയിട്ടുണ്ട്' ' ഒരു
കുടുംബത്തിലേക്ക് പറഞ്ഞയക്കുമ്പോള്‍ കൊടുക്കേണ്ടത് എന്നൊക്കെ വ്യംഗ്യമായി പറയാതെ
പറയുന്ന കണക്കുകളില്‍ ഈ പറയുന്ന സമ്മാനം എവിടെ? ഉള്ള ജോലിയും
കിട്ടുന്ന ശമ്പളവും പോകുമോ എന്ന് പേടിച്ചു പലിശ വാങ്ങുന്ന പള്ളി കമ്മറ്റി
പ്രസിടണ്ടിനെന്തിരെ മൌനം പാലിച്ച, കള്ളുഷാപ്പ് നടത്താന്‍
സ്വന്തം കെട്ടിടം വാടകയ്ക്ക് കൊടുക്കുന്ന സെക്രട്ടറി ക്കെതിരെ മിണ്ടാതെ നിന്ന
പണ്ഡിതന്റെ നെട്ടെല്ലില്ലായ്മ തന്നെയാണ് സ്ത്രീധനത്തിന്റെ വിഷയത്തിലും സംഭവിച്ചത്.
രണ്ടാമത്തെ കാര്യം ഖദീജ ബീവി (റ) നബി (സ) ക്കെ
സ്ത്രീധനം കൊടുത്തു എന്നുള്ളതും നബി (സ) ഫാത്തിമ (റ) യെ കല്യാണം കഴിക്കാന്‍ അലി
(റ) വിനു ചുറ്റുപാടുകള്‍ ഉണ്ടാക്കിക്കൊടുത്തു എന്നുള്ളതുമാണ്. ഇതില്‍ ഖദീജ ബീവി
നബിക്ക് സ്ത്രീധനം കൊടുത്തു എന്നുള്ളത് ചരിത്രം അറിയാത്ത വിചിത്ര വാദമാണ്. മരിച്ചു
നബി 20 ഒട്ടകം മഹര്‍ (പുരുഷന്‍ സ്ത്രീക്ക് കൊടുക്കുന്നത്) ഖദീജാ ബീവിക്ക് നല്‍കി
എന്നാണ് ചരിത്രതിലുള്ളത്. അലി (റ) ക്ക് സഹായവും ചുറ്റുപാടും ഉണ്ടാക്കി കൊടുത്തത്
നബിയായിരുന്നില്ല എന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു എന്നതും
ചരിത്രതിലുള്ളതാണ്. അതിലുപരിയായി സ്ത്രീധനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ
ചരിത്രങ്ങള്‍ എഴുന്നള്ളിക്കാതെ മഹര്‍ കൊടുത്ത നിരവധി സംഭവങ്ങള്‍ നമ്മുടെ
പന്ധിതന്മാര്‍ക്ക് ഉദ്ദരിക്കാമായിരുന്നു. അത്തരം നിരവധി ചരിത്രങ്ങള്‍ നബി
ചരിത്രത്തിലുണ്ട് താനും.
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ പിന്‍ ഗാമികളാണ് എന്ന്
പഠിപ്പിച്ചത് പ്രവാചകന്‍ തന്നെ യാണ്. പ്രവാചകന്മാര്‍ നിലകൊണ്ടത് ഒരിക്കലും
പണത്തിനു വേണ്ടിയിരുന്നില്ല. അതിനാല്‍ പണത്തെ മോഹിച്ചു ദുരാചാരങ്ങളെ എതിര്‍ക്കതിരിക്കുന്ന
പണ്ഡിതന്മാര്‍ മുസ്ലിം പ്രവാചകന്മാരുടെ പിന്‍ഗാമികള്‍ ആണെന്ന് എങ്ങിനെ പറയും?
സന്മനസ്സുള്ള ഒരു പള്ളി കമ്മറ്റി പ്രസിഡണ്ട്
ഒരിക്കല്‍ എന്നോടു പറഞ്ഞു. സ്ത്രീധനം ഒരു വലിയ സാമൂഹ്യ വിപത്താണ്. പക്ഷെ, ഒറ്റയടിക്ക് നമുക്കത് നിര്‍ത്താന്‍ കഴിയില്ല. ഞാന്‍ പറഞ്ഞു. ഒറ്റയടിക്ക്
അവസാനിക്കാന്‍ പറ്റുന്ന ഏതെങ്കിലും ദുരാചാരം ഉണ്ടെങ്കില്‍ അത് സ്ത്രീധനം എന്ന
വിപത്താണ്. ഇത്രയേ ചെയ്യേണ്ടൂ. സ്ത്രീധനം വാങ്ങുന്ന ഒരു വിവാഹത്തിനും ഞങ്ങള്‍ കാര്‍മികത്വം
വഹിക്കില്ല എന്ന് എല്ലാ മഹല്ലിലെയും ഇമാമുകള്‍ തീരുമാനിക്കുക. എന്നിട്ട് അത്
നടപ്പാക്കുക. അപ്പോള്‍ കാണാം സ്ത്രീധന സമ്പ്രദായം നില്‍ക്കുമോ ഇല്ലേ എന്നുള്ളത്.
സ്ത്രീധന വിഷയത്തില്‍ എന്ത് കൊണ്ടു പണ്ഡിതന്മാരുടെ മെക്കിട്ടു കയറുന്നു എന്നും
ഇതോടൊപ്പം മനസ്സിലാക്കാം.
No comments:
Post a Comment