Saturday, December 28, 2013

ഭാഗം  ഒന്ന്
സയ്യിദ് ഫദലിന്റെ മുന്‍ഗാമികള്‍
ആമുഖം കേരളവും മുസ്ലിംകളും 
പ്രാചീന കാലം മുതല്‍ തന്നെ കേരളവും അറബികളും കച്ചവടബന്ധം ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറബികളുടെ ഇടയില്‍ ഇസ്ലാം പ്രചരിച്ചപ്പോള്‍ അവര്‍ കച്ചവടം നടത്തുന്ന ഇടങ്ങളിലെക്കും അത് സ്വാഭാവികമായും പ്രചരിച്ചു. കേരളത്തില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിലേറ്റവും പ്രബലവും ആദ്യത്തേതും തുഹ്ഫതുല്‍ മുജാഹിദീന്‍ (ക്രിസ്തു വര്ഷം 1583 ) എന്ന കൃതിയില്‍ സൈനുദ്ദീന്‍ മഖ്ദൂം രേഖപ്പെടുത്തിയ വിവരം ആണ്. അതനുസരിച്ച് കേരളത്തിലെ ആദ്യത്തെ മുസ്ലിം ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് ഇവിടെ വാണിരുന്ന ചേരമാന്‍ പെരുമാള്‍ എന്ന ചക്രവര്‍ത്തി ആയിരുന്നു. ചേരമാന്‍ പെരുമാള്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ടാണ് അതിനെ കുറിച്ച് അന്വേഷിച്ചത്‌. ആരില്‍ നിന്നും വിശദീകരണം ലഭിക്കാത്തതിനാല്‍ അറബ്  സഞ്ചാരികളോട് ചോദിക്കുകയും അവര്‍ പ്രവാചകനെക്കുറിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്തു. ആ പ്രവാചകനെ കാണാനുള്ള ആഗ്രഹത്താല്‍ അദ്ദേഹം മക്കയിലേക്ക് തിരിച്ചു എന്നും പിന്നീട് മടക്ക യാത്രയില്‍ ഷഹര്‍ മുകല്ലയില്‍ (ഇന്നത്തെ യമനില്‍. ഷഹര്‍ മുഖല്ല മുമ്പ്‌ ഒറ്റ സ്ഥലമായിരിക്കാം. ഇന്ന് അടുത്തടുത്തുള്ള രണ്ടു പട്ടണങ്ങള്‍ ആണവ) വെച്ച് മരണപ്പെട്ടു എന്നും പറയപ്പെടുന്നു. ഇതേ അഭിപ്രായം തന്നെയാണ് മലബാര്‍ മാന്വലില്‍ അന്നത്തെ മലബാര്‍ ജില്ലയുടെ കലക്ടര്‍ ആയിരുന്ന വില്യം ലോഗനും (18411914) രേഖപ്പെടുത്തിയിരിക്കുന്നത്. ലോഗന്‍ അല്പം കൂടി മുന്നോട്ട് പോയി ചേരമാന്‍ പെരുമാള്‍ മക്കത്ത് പോയത്‌ ഒരു ചെറിയ കാര്യമായിരുന്നില്ല എന്നും, ധാരാളം സാമന്ത രാജാക്കന്മാരുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ പോക്ക് ഒരു വലിയ ചരിത്ര സംഭവം ആയിരുന്നു എന്നും സാമാന്തന്മാര്‍ക്ക് വ്യത്യസ്ത രാജഭരണവും ഉത്തരവാദിത്തവും ഏല്പിച്ചു എന്നും അദ്ദേഹം തിരിച്ചു വരണം എന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നും ആ ഓര്‍മയ്കായാണ് ഓണം ആഘോഷിക്കുന്നത് എന്നും വില്യം  പറഞ്ഞു വെക്കുന്നു. അതെ സമയം ഒമാനിലെ സലാലയില്‍ ചേരമാന്‍ പെരുമാളിന്റെത് എന്ന് പറഞ്ഞു ഒരു ഖബര്‍ അവിടത്തെ മലയാളികളുടെ സ്ഥിരം സന്ദര്‍ശന സ്ഥലമായി കാണുന്നു. പക്ഷെ, ചരിത്രപരമായി അതെത്ര ശരിയാണ് എന്ന് പരിശോധിക്കപ്പെടണം.

മറുഭാഗത്ത്‌ ചേരമാന്‍ പെരുമാള്‍ എന്ന് പറയുന്ന മലബാറിന്റെ ചക്രവര്‍ത്തി പ്രവാചകന്റെ സന്നിധിയില്‍ എത്തിയതിനു സ്വീകര്യയോഗ്യമായ ഹദീസുകള്‍ ഒന്നും തന്നെ തെളിവായി ഇല്ല. എന്നാല്‍ ചരിത്രം രേഖപ്പെടുത്തി വെക്കുന്നതില്‍ പൂര്‍ണമായും പ്രാമാണ്യ യോഗ്യമായ ഹദീസുകള്‍ തന്നെ അവലംബിക്കണം എന്നില്ല എന്നാണു ആധുനികരായ ചില ഇസ്ലാമിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. ആകയാല്‍ ഹാകിമിന്റെ  മുസ്തദ്രക് എന്ന ഗ്രന്ഥത്തില്‍ വന്ന ഒരു ഹദീസ്‌ ചേരമാന്‍ പെരുമാളിനോട് ചേര്‍ന്ന് നില്‍ക്കും എന്ന് തോന്നുന്നു. ഇന്ത്യയിലെ രാജാവ്‌ കൊടുത്തയച്ച സമ്മാനത്തില്‍ ഇഞ്ചി ഉണ്ടായിരുന്നു എന്നും താന്‍ ആദ്യമായി ഇഞ്ചി കഴിച്ചത് അപ്പോഴാണ് എന്നും സഹാബിയായ അബൂ സഈദ്‌ അല്‍ ഖുദ്രി രേഖപ്പെടുത്തുന്നു. അതിനും പുറമെ, ഇമാം തബരി യുടെ ഫിര്‍ദൌസ് അല്‍ ഹിക്മ എന്ന ഗ്രന്ഥത്തില്‍ ഒരു ഇന്ത്യന്‍ രാജാവ്‌ പ്രാവചാകന്റെ അടുത്ത് വന്നു ഇസ്ലാം സ്വീകരിച്ചു പതിനേഴു ദിവസം അവിടെ അതിഥി ആയി തങ്ങുകയും പിന്നീട് പോവുകയും ചെയ്തതായി കാണാം.

 എന്നാല്‍ ഇങ്ങിനെ ഒരു വലിയ ചക്രവര്‍ത്തി വന്നത് എന്ത് കൊണ്ട് നിരവധി ഹദീസുകളില്‍ ഉദ്ദരിക്കപ്പെട്ട ഒരു വലിയ സംഭവം ആയില്ല എന്നത് ഒരു സ്വാഭാവിക ചോദ്യം തന്നെയാണ്. പക്ഷെ, ഇസ്ലാമിന് മുമ്പ്‌ അറിയപ്പെട്ടവരും പ്രസിദ്ധരുമായ പലരും ഇസ്ലാമില്‍ എത്തിയതിനു ശേഷം വേണ്ടത്ര രേഖപ്പെടുത്താത്ത ചരിത്രത്തിന്റെ ഭാഗമായി മാറി എന്നതാണ് സത്യം. ജാഹിലിയ്യാ കവികളില്‍ പ്രധാനികലായിരുന്ന സുഹൈര്‍, ഖന്‍സാ, കഅബ് തുടങ്ങിയവര്‍ ഇസ്ലാം സ്വീകരിച്ചെങ്കിലും അവരിലൂടെ ഇസ്ലാമിന്റെ ചരിത്രം സഞ്ചരിച്ചില്ല എന്ന് ഇസ്ലാം പഠിക്കുന്ന ആര്‍ക്കും മനസ്സിലാകും. ചേരമാന്‍ പെരുമാള്‍ ഇന്നും ഗവേഷണം നടന്നു കൊണ്ടിരിക്കുന്ന ഒരു വിഷയം ആകയാല്‍ അതില്‍ കൂടുതലായി ഒന്നും ഈ ലേഖനത്തില്‍ രേഖപ്പെടുത്താന്‍ ഇല്ല.

പ്രവാചക കുടുംബം: 
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ മരണാനന്തരം അദ്ദേഹത്തിന്റെ കുടുംബത്തില്‍ പെട്ടവര്‍ മദീനയില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. അലി(റ)യുടെ മരണം വരെ. അതിനു ശേഷം അലിയുടെ മകന്‍ ഹസന്‍ ആറുമാസം ഖലീഫ ആയി ഉണ്ടായിരുന്നതായി രേഖപ്പെടുത്ത പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം, മുആവിയ അധികാരത്തില്‍ വന്നപ്പോള്‍ ഹുസൈന്‍ വരണം എന്ന അഭിപ്രായം ഉണ്ടായതായി പറയപ്പെടുന്നു. അപ്പോള്‍ കൂഫയിലെ ജനങ്ങള്‍ അദ്ദേഹത്തെ അങ്ങോട്ട്‌ വിളിച്ചതിന്റെ ബാക്കി പത്രമായിരുന്നു കര്‍ബലയിലെ പോരാട്ടം. കര്‍ബലയില്‍ വന്നവരില്‍ ആകെ അവശേഷിച്ച ആണ്‍തരി ഹുസൈന്‍ (റ) യുടെ മകന്‍ അലി (സൈനുല്‍ ആബിദീന്‍ എന്ന പേരില്‍ പ്രശസ്തന്‍) ആയിരുന്നു. ഹുസൈന്റെ സഹോദരി സൈനബ് തന്നോട് ചേര്‍ത്ത് പിടിച്ചു നിര്‍ത്തുകയും എന്നെ കൊന്നിട്ടേ നിങ്ങള്‍ അലിയെ തോടുകയുള്ളൂ എന്നും പറഞ്ഞപ്പോള്‍ ഇബ്നു സിയാദിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു അലി. അലിയെ കൊല്ലാതെ നോക്കണമെന്നും അലി കൂടി മരിച്ചാല്‍ ഈ വംശം ബാക്കി നില്‍ക്കില്ല എന്നും കൊല്ലപ്പെടുന്നതിനു മുമ്പ്‌ ഹുസൈന്‍ പറഞ്ഞതായി ചരിത്രം പറയുന്നു. അങ്ങിനെ രക്ഷപ്പെട്ട അലി പിന്നീട് മക്കയിലും മദീനയിലുമായി ജീവിച്ചു. ഇദ്ദേഹത്തിന്റെ തലമുറയില്‍പെട്ട ചിലര്‍ ഇറാഖിലേക്ക് കുടിയേറുകയുണ്ടായി.

ഹുസൈന്റെ പര്യാവസാനത്തില്‍ തങ്ങളുടെ വാക്ക്‌ മാറലിന് പങ്കുണ്ടെന്ന് മനസ്സിലാക്കിയ കൂഫക്കാര്‍ക്ക് വലിയ വിഷമം ഉണ്ടായി എന്നും അതിനു പരിഹാരമായി അവര്‍ പ്രവാചക കുടുംബത്തെ അങ്ങേയറ്റം സ്നേഹിച്ചു എന്നും കാണാം. ഒരു പക്ഷെ ആ സ്നേഹമായിരിക്കാം പ്രവാചക കുടുംബത്തെ വീണ്ടും ഇറാഖിലേക്ക് ആകര്‍ഷിച്ചത്‌. പക്ഷെ, മദീനയില്‍ നിന്ന് പൂര്‍ണമായും ആദ്യം ഇറാഖിലേക്ക് നീങ്ങിയത് ആര് എന്ന് മനസ്സിലാവുന്നില്ല. ഇസ്ലാമിക സാമ്രാജ്യത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് ദാമാസ്കസിലെക്കും അവിടെ നിന്ന് ബാഗ്ദാദിലേക്കും മാറിയതായി നമുക്കറിയാം. ഇതില്‍ അബ്ബാസി ഖലീഫ മഅമൂന്‍ പോലുള്ളവര്‍ പ്രവാചക കുടുംബവുമായി വിവാഹബന്ധം ഉണ്ടാക്കിയിരുന്നു. പ്രവാചക കുടുംബാംഗവും ശിയാക്കളിലെ ഇസ്നാ അശരികളുടെ ഒമ്പതാമത്തെ ഇമാമുമായ മുഹമ്മദ്‌ അല്‍ ജവ്വാദ്‌ (മുഹമ്മദ്‌ അല്‍ തഖി) അബ്ബാസി ഖലീഫ മഅമൂന്റെ പുത്രി ഉമ്മുല്‍ ഫദലിനെ വിവാഹം ചെയ്തു കുറച്ചു കാലം ബാഗ്ദാദില്‍ താമസിച്ചതായി കാണുന്നു. തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ മക്കള്‍ ബാഗ്ദാദിലേക്ക് പോയതായും മനസ്സിലാകുന്നു. അങ്ങിനെ ക്രമേണ പ്രവാചക കുടുംബങ്ങളില്‍ പലരും ഇറാഖില്‍ ആയിത്തീര്‍ന്നു.  ചിലരൊക്കെ ഹിജാസില്‍ നിന്ന് മാറിപ്പോയതായും കാണപ്പെടുന്നു.  ഹുസൈന്റെ സഹോദരി, അലി (റ) യുടെ മകള്‍ സൈനബ് ഈജിപ്തിലെക്ക് നീങ്ങിയത് ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. ഈജിപ്തിലാണ് സൈനബിന്റെ മഖ്ബറ ഉള്ളത്.
ഇറാഖില്‍ ഉണ്ടായിരുന്ന ഈ പ്രവാചക കുടുംബം പിന്നീട് യമനിലെ ഹദര്‍മൌത്തിലേക്ക് കുടിയേറുകയായിരുന്നു. ഇറാഖില്‍ ഉണ്ടായിരുന്ന പ്രവാചക കുടുംബത്തിന് അങ്ങേയറ്റത്തെ ബഹുമാനം ആണ് കൂഫയിലും ബസ്രയിലും ബാഗ്ദാദിലും അവര്‍ക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്. മുസ്‌ലിം സമൂഹം പലവിധ ചര്‍ച്ചകളിലേക്ക് തിരിയുകയും പലവിധ ഗ്രൂപ്പുകളായി രംഗപ്രവേശം ചെയ്തു കൊണ്ടിരിക്കുകയും ഒരു സമയമായിരുന്നു അത്. മാത്രമല്ല, പ്രവാചക കുടുംബത്തില്‍ നേതൃത്വ പാടവം കാണിക്കുന്ന എല്ലാവരും ഭരണാധികാരികളുടെ കയ്യാല്‍ ഏതെങ്കിലും വിധേന കൊല്ലപ്പെടുന്ന അവസ്ഥ. ഒരു ഭാഗത്ത്‌ രാജ്യം ഭരിക്കുന്നവരുടെ ഉപദ്രവങ്ങള്‍. സ്വൈര്യമായ ഇസ്ലാമിക ജീവിതം അസാധ്യം. മറുഭാഗത്ത് ശക്തിപ്പെട്ടു വരുന്ന ശീഇസം. പ്രവാചക കുടുംബത്തെ പുകഴ്ത്തി അവര്‍ക്ക്‌ അമാനുഷികത കല്പിക്കുന്ന അവസ്ഥ. ആ നാട്ടില്‍ നിന്നും മാറാന്‍ ഉള്ള ഒരു തീരുമാനം അഹമ്മദ്‌ ബിന്‍ ഈസ എന്ന പ്രവാചക കുടുംബത്തിന്റെ നേതാവ്‌ എടുക്കുന്നത് ഈ പശ്ചാതലത്തിലാണ്.

അഹമ്മദ്‌ ബിന്‍ ഈസാ അല്‍ മുഹാജിര്‍ ( Hijra 260-345) (820-924 CE)
അഹമദ്‌ ബിന്‍ ഈസായുടെ പിതാമഹന്‍ മുഹമ്മദ്‌ (അല്‍ നഖീബ്), ഇമാം ജാഫര്‍ സാദിഖിന്റെ (ജാഫര്‍ ബിന്‍ മുഹമ്മദ്‌) മകന്‍ അലിയുടെ മകന്‍ ആണ്. ജാഫര്‍ ബിന്‍ മുഹമ്മദ്‌ ആകട്ടെ, ഹുസൈന്‍ (റ) മകന്‍ അലിയുടെ (സൈനുല്‍ ആബിദീന്‍) പേര മകനും. നേരത്തെ പറഞ്ഞ മുഹമ്മദ്‌ അല്‍ ജവ്വാദും അഹ്മദ്‌ ബിന്‍ ഈസായുടെ പിതാമഹന്‍ മുഹമ്മദ്‌ അല്‍ നഖീബും സഹോദര പുത്രന്മാര്‍ ആണ്. അഹ്മദ്‌ ബിന്‍ ഈസായുടെ പിതാമഹന്‍ മുഹമ്മദ്‌ അല്‍ നഖീബ് മദീനയില്‍ നിന്ന് ബസ്രയില്‍ വന്നു താമസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഖബര്‍ ബസ്രയില്‍ ആണ് ഉള്ളത്. അങ്ങിനെ പ്രവാചക കുടുംബത്തില്‍ രണ്ടു തായ്‌ വഴികള്‍ ഇറാഖില്‍ എത്തി. മുഹമ്മദ്‌ അല്‍ നഖീബിന്റെയും മുഹമ്മദ്‌ അല്‍ ജവ്വാദിന്റെയും.

ഒരു ഭാഗത്ത്‌ അധികാര ഭ്രമം ബാധിച്ച ഭരണാധികാരികളും മറുഭാഗത്ത്‌ അനാവശ്യ ചര്‍ച്ചകളും ഗ്രൂപ്പുകളും. അതിലുപരി, പ്രവാചക കുടുംബത്തെ അങ്ങേയറ്റം പുകഴ്ത്തി അമാനുഷികത കല്പിക്കുന്ന ഒരു സ്വഭാവവും. ഈ പരിതസ്ഥിതിയില്‍ വളരെ നിരാശനായിരുന്നു മുഹമ്മദ്‌ അല്‍ നഖീബിന്റെ മകന്‍ ഈസയുടെ മകനായ അഹ്മദ്‌. അഹ്മദ്‌ ചെറുപ്പത്തിലെ വലിയ ഭക്തനും സ്ഫുടമായി സംസാരിക്കുന്നവനും ഒരു പാട് സാമ്പത്തിക ചുറ്റുപാടും ഉള്ള ആളായിരുന്നു. എന്നിരുന്നാലും ആ ചുറ്റുപാടില്‍ ജീവിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അദ്ദേഹം ഇറാഖില്‍ നിന്നും കുടുംബ സമേതം ഹിജ്ര വര്‍ഷം 317 ല്‍ പുറപ്പെട്ടു. ആദ്യം മദീനയില്‍ എത്തി. പിന്നീട് മക്കയില്‍ വന്ന അദ്ദേഹം ഹജ്ജ്‌ നിര്‍വഹിച്ചു. ശേഷം എവിടേക്ക്‌  പോകണം എന്ന് ആലോചിച്ചു മക്കയില്‍ തന്നെ താമസിച്ചു. ഖറാമിത്തുകളും ഇബാദികളും ശക്തമാവുകയും ഇസ്ലാമിക സാമ്രാജ്യത്തില്‍ ശിഥിലത ഉണ്ടാവുകയും ചെയ്ത ഒരു സമയത്തായിരുന്നു അത്. തന്റെ പൂര്‍വ പിതാക്കള്‍ അധികവും അബ്ബാസി ഖലീഫമാരുടെ ചതിയാല്‍ വധിക്കപ്പെടുകയാണ് ഉണ്ടായത് താനും. അങ്ങിനെ അദ്ദേഹം അല്ലാഹുവോട്‌ പ്രാര്‍ഥിച്ചു കഴിയവേ, പ്രവാചകനെ സ്വപനം കണ്ടെന്നും ഹദര്‍മൌത്തിലേക്ക് പോയി എന്നും പറയപ്പെടുന്നു. അതല്ല, ഹദര്‍മൌത്തില്‍ ഉള്ളവര്‍ ഇസ്ലാമിനെ വികലമായി മനസ്സിലാക്കി എന്നും അവിടെ അക്രമാസക്തരായ ഇബാദികളെ ഇസ്ലാമിലേക്ക് തിരിച്ചു കൊണ്ടുവരാനും ഇസ്ലാമികമായി അവരെ വളര്‍ത്താനും ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു എന്നും കാണാം. ഹിജ്ര വര്‍ഷം 319 ല്‍ അദ്ദേഹം ഹദര്‍മൌത്തില്‍ തരീം എന്ന സ്ഥലത്ത്‌ വന്നു താമസമാക്കി.
തന്റെ കുടുംബത്തിലെ കുട്ടികളെ കുടുംബത്തിന്റെ  അകത്തു തന്നെ നിര്‍ത്തി, പുറത്തു വിടാതെ ഇസ്ലാമിക ശിക്ഷണം കൊടുത്താണ് അദ്ദേഹം വളര്‍ത്തിയത്‌ എന്ന് പറയപ്പെടുന്നു. ഒരു ചുറ്റുമതില്‍ കെട്ടി പതിനെട്ടു വയസ്സാകാതെ പുറത്തേക്ക്‌ അയക്കതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് അവരെ അദ്ദേഹം വളര്‍ത്തി. ഇന്ന് ഈ സ്ഥാനത്ത്‌ ദാറുല്‍ മുസ്തഫ എന്ന ഒരു സ്ഥാപനം ആണ് ഉള്ളത്. ഇസ്ലാമികമായ കോഴ്സുകള്‍ നല്‍കുന്ന ഈ സ്ഥാപനം കുറഞ്ഞ കാലയളവ്‌ കൊണ്ട് സുന്നീ ധാരയില്‍ വളരെ ശ്രദ്ധിക്കപ്പെട്ടതാണ്.  പ്രവാചകന്റെ കുടുംബം പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ നടത്തിയ പലായനം എല്ലാം ഹദര്‍മൌത്തില്‍ നിന്നാണ്. എന്നാല്‍ ഹിജാസിലുണ്ടായിരുന്ന പ്രവാചക കുടുംബം എങ്ങിനെ  ഹദര്‍മൌത്തില്‍ എത്തി എന്നുള്ളതിന്റെ ഉത്തരമാണ് അഹ്മദ്‌ ബിന്‍ ഈസ. ഈ വലിയ പലായനത്തിന്റെ ഓര്‍മയില്‍ അദ്ദേഹത്തെ ചരിത്രത്തില്‍ അഹ്മദ്‌  അല്‍ മുഹാജിര്‍ എന്നാണു അറിയപ്പെടുന്നത്. ഹിജ്ര വര്‍ഷം 345 ല്‍ അദ്ദേഹം ഇന്നത്തെ ഹദര്‍മൌത്തിലെ തരീമിനും സിയൂനും ഇടക്കുള്ള ഹുസൈസ എന്ന പ്രദേശത്ത്‌ മരണമടഞ്ഞു. 

ഹാഷിമികള്‍ ഹദര്‍മൌത്തില്‍
യമനിലെ ഹദര്‍മൌത്ത് ഒരു പുരാതന പ്രദേശം ആണ്. ആദു സമൂഹം ജീവിച്ചിരുന്നത് അവിടെയാണ്. ഹൂദ്‌ നബിയുടെ പ്രബോധന കേന്ദ്രം ആയിരുന്നു അത്. പുരാതന പ്രദേശങ്ങളില്‍ ഒന്നാണ് അത്. അവിടെ എവിടെയോ ആണ് ഹിജ്ര്‍ നിവാസികള്‍ വസിച്ചിരുന്നത്. അല്ലാഹു അവര്‍ക്ക്‌ ഒരു പാട് നന്മകള്‍ നല്‍കി. നോഹ് നബിയുടെ ശേഷം ദുനിയാവില്‍ ഇത്രമാത്രം ശക്തര്‍ വേറെ ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നു. വലിയ തൂണുകള്‍ ഉണ്ടാക്കി തങ്ങളുടെ പ്രതാപം കാണിച്ചിരുന്നവരാണ് അവര്‍.   ഹൂദ്‌ പ്രവാചകനെ ധിക്കരിച്ച അവരെ ദൈവം നാമവശേഷം ആക്കി കളഞ്ഞു. അവിടെ നിന്ന് അല്പം മാറി വീണ്ടും നാഗരികത പുഷ്ടിപ്പെട്ടു. ഒരു വേള അറബി ഭാഷയുടെ തന്നെ തുടക്കക്കാര്‍ ആയി ഗണിക്കാവുന്ന ഒരു വിഭാഗമാണ് ഹദര്‍മൌത്തിലെ ആളുകള്‍. അറബി ഭാഷ വികാസം പ്രാപിച്ചത്‌ യമനില്‍ നിന്നാണ് എന്നാണു പറയപ്പെടുന്നത്. ഹൂദ്‌ നബി അറബി ഭാഷ സംസാരിക്കുന്ന ആളായിരുന്നു എന്ന് പ്രവാചകന്‍ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്. അങ്ങിനെ നാഗരികത കൊണ്ടും സംസ്കാരം കൊണ്ടും വളരെ പഴയ ഒരു ജനതയാണ് ഹദര്‍ മൌത്തില്‍ ഉള്ളത.
പ്രവാചകന്റെ കാലത്ത് തന്നെ യമനില്‍ ഇസ്ലാം എത്തിയിരുന്നു. യമനിലെ ഹിമയറി ഗോത്രം പ്രവാചകന്റെ അടുത്ത് വന്നു താമസിച്ചതും ഇസ്ലാം സ്വീകരിച്ചതും ചരിത്രത്രത്തില്‍ കാണാം. അവിടേക്ക് ഗവര്‍ണര്‍ ആയി നിശ്ചയിച്ചത്‌ പ്രവാചകന്റെ അനുയായി ആയിരുന്ന മുആദ് ബിന്‍ ജബല്‍ എന്ന വ്യക്തിയെ ആണ്. തുടര്‍ന്നങ്ങോട്ട് ഇസ്ലാമിന് നല്ല വേരോട്ടം ഉണ്ടായിരുന്ന മണ്ണ് ആയിരുന്നു യമനും അതില്‍ പെട്ട ഹദര്‍മൌത്തും . അതിനാലാണ്, ഇസ്ലാമിന്റെ അവാന്തര വിഭാഗങ്ങളും യമനില്‍ ശക്തിപ്പെട്ടത്. അത് ഇബാദികളും ഖറാമിത്തുക്കളും തുടങ്ങി സുന്നികളും എല്ലാവരും ഉണ്ടായിരുന്നു. മുസ്ലിംകള്‍ തമ്മില്‍ തമ്മില്‍ തന്നെ പോരാടുകയും വധിക്കുകയും ചെയ്യുന്ന ഈ ചിദ്രാവസ്ഥ അഹ്മദ്‌ ബിന്‍ ഈസാ എന്നാ മുഹാജിര്‍ ഹദര്‍ മൌത്തില്‍ എത്തുമ്പോള്‍ വളരെ ശക്തി പ്രാപിച്ച അവസ്ഥയിലായിരുന്നു. ഈ സ്ഥലത്ത്‌ സമാധാനം പുന്‍സ്താപിക്കുന്നതിലും ആളുകളെ യഥാര്‍ത്ഥ മതത്തിലേക്ക്‌ തിരിച്ചു കൊണ്ട് വരുന്നതിലും അഹ്മദ്‌ അല്‍ മുഹാജിര്‍ വഹിച്ച പങ്കു നിസ്തുലമാണെന്നു  ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അങ്ങിനെ ഹാഷിമികള്‍ (പ്രവാചക കുടുംബം) ഹദര്‍ മൌത്തില്‍ എത്തി. അവരുടെ വരവിന്റെ മാറ്റങ്ങള്‍ അവിടെ കണ്ടു തുടങ്ങി. മതപരമായ ഉണര്‍വും വിശ്വാസ സംരക്ഷണവും കണ്ടു തുടങ്ങി. പിന്നീട്, അങ്ങോട്ടുള്ള കാലം യമനിലെ ഇസ്ലാമിക മുന്നേറ്റത്തിന്റെ നേതൃത്വം ഹാഷിമികള്‍ തന്നെ ആയിരുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ചില പ്രവാചക കുടുംബങ്ങള്‍  വിവിധ കാരണങ്ങളാല്‍ മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങി. അതില്‍ പ്രധാന കാരണം ഇസ്ലാം മത പ്രചാരണം തന്നെ ആയിരുന്നു.  കാലക്രമേണ ആ കുടുംബം വളര്‍ന്നു ഒരു പാട് കുടുംബങ്ങളും ഉപകുടുംബങ്ങളുമായി വികസിച്ചു. അവരില്‍ ഏതാനും കുടുംബങ്ങള്‍ താഴെ പറയുന്നു.
·        ആല്‍ മുഖൈബില്‍
·        ആല്‍ ബില്‍ ഫഖീഹ്
·        ആല്‍ ഫാദ്‌ അഖ്
·        ആല്‍ മുദൈഇജ്‌
·        ആല്‍ മൌല ദാവീല
·        ആല്‍ യുആഖബ
·        ആല്‍ ഐയദ് റൂസ്
·        ആല്‍ ജമല്‍ ലൈല്‍
·        ആല്‍ അല്‍  അത്താസ്‌
·        ആല്‍ അല ബൈത്തീ
·        ആല്‍ ബാ ഹംദാന്‍
·        ആല്‍ അല്‍ മസാവി
·        ആല്‍ അസ്സഖാഫ്‌
·        ആല്‍ ബയ്ദ്‌
·        ആല്‍ ബാ ഫഖീഹ്
·        ആല്‍ ജിഫ്രി
·        ആല്‍ ഹിര്സുല്ലാഹ്
·        അല്‍ കാഫ്‌
·        അല്‍ ജുനൈദി
·        അല്‍ സാഫീ
·        അല്‍ ജുന്ദ്‌
·        അല്‍ ഹബ്ഷി
·        അല്‍ ശാത്തിരി
·        അല്‍ ഹദ്ദാദ്
·        അല്‍ ഹിര്ദ്‌
·        അല്‍ ഹാമിദ്
·        ആല്‍ ഷെയ്ഖ്‌ അബൂബക്കര്‍
·        ആല്‍ ശിഹാബുദ്ദീന്‍
·        ആല്‍ സിര്ര്‍റി ജമല്‍ ലൈല്‍
·        ആല്‍ മുദ് ഹിര്‍
·        ആല്‍ മുത്വഹിര്‍
·        ആല്‍ മഹ്ദാര്‍
·        ആല്‍ ബാര്‍
·        ആല്‍ മശ്ഹൂര്‍
·        ആല്‍ ഹാഷിം
·        ആല്‍ ബാ ഹാഷിം
·        ആല്‍ ബിന്‍ ഹാഷിം
·        ആ ല്‍ ബിന്‍ ഹാറൂന്‍
·        ആല്‍ മശായിഖ്‌
·        ആല്‍ ബാഅബൂദ്‌
·        ഹദ്ദാര്‍
·        ആല്‍ യഹിയ
·        ആല്‍ ബിന്‍ സഹല്‍
·        ആല്‍ ബാ ഉഖൈല്‍
·        ആല്‍ ഹഫീദ്‌

ഇത്രയധികം കുടുംബങ്ങളെ ഇവിടെ പരാമര്‍ശിക്കാന്‍ കാരണം, ഇവരില്‍ പല കുടുംബങ്ങളും ഇന്ന് കേരളത്തില്‍ കാണപ്പെടുന്നു എന്നുള്ളതാണ്. നമ്മള്‍ ഇവിടെ പരാമര്‍ശിക്കുന്ന മമ്പുറം സയ്യിദ്‌ ഫദലിന്റെയും അദ്ദേഹത്തിന്റെ പിതാവ് സയ്യിദ്‌ അലവി ബിന്‍ മുഹമ്മദ്‌ ബിന്‍ സഹലിന്റെയും കുടുംബം ബാ അലവി കളില്‍ പെട്ട മൌലദ്ദവീല ആയിരുന്നു. മമ്പുറം തങ്ങളെ ഹദര്‍ മൌത്തില്‍ നിന്ന് കേരളത്തിലേക്ക്‌ കൊണ്ട് വന്നത് ശൈഖ് ജിഫ്രി എന്ന തന്റെ അമ്മാവനും. രണ്ടു കുടുംബങ്ങളും ഈ പറഞ്ഞവയില്‍ ഉള്ളതാണ്.

ഹദറമികളുടെ ദേശാടനം
വിവിധ ദേശങ്ങളിലേക്ക് ഹദര്‍മൌത്തില്‍ നിന്ന് ഹാഷിമികള്‍ നീങ്ങിയ വിവരം നമ്മള്‍ പറഞ്ഞു. ഇതില്‍ പ്രധാന ദേശങ്ങള്‍ താഴെ പറയുന്നവ ആയിരുന്നു. പ്രധാന നീക്കം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക്  തന്നെ ആയിരുന്നു.
·        ഒമാന്‍: പ്രഥമവും പ്രധാനവുമായത് ഒമാനിലെ ദോഫാറിലേക്ക് മുഹമ്മദ്‌ ബിന്‍ അലവി നടത്തിയ കുടിയേറ്റം. ദോഫാറിലെ മിര്ബാത് എന്ന സ്ഥലത്ത്‌ വന്നു താമസം ആക്കിയതിനാല്‍ അദ്ദേഹം സാഹിബ് മിര്ബാത് എന്ന് അറിയപ്പെടുന്നു. ഹിജ്ര വര്‍ഷം ആറാം നൂറ്റാണ്ടില്‍ ആണ് സംഭവം.
·        ഇന്ത്യ: ഹിജ്ര ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഗുജറാത്തിലെ ബുജിലും അഹ്മദാബാദിലും ഹദര്‍മൌത്തുകാര്‍ എത്തി. അബ്ദുല്‍ മാലിക്‌ ബിന്‍ അലവി അമ്മുല്‍ ഫഖീഹ് എന്ന വ്യക്തി ആയിരുന്നു അത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും മക്കളും. ആ തലമുറ ഇന്ത്യയില്‍ തന്നെ ജീവിച്ചു. അവിടെ നിന്ന കല്യാണം കഴിച്ചു. ദേശ വാസികളായി.
·        മലബാര്‍, ഹൈദരാബാദ്‌: ഏകദേശം ഹിജ്ര ആറു ഏഴു നൂറ്റാണ്ടുകളില്‍ ഹദറമൌത്തില്‍ നിന്നുള്ളവര്‍ കേരളത്തിലും ഹൈദരാബാദിലും എത്തിയതായി വിശ്വസിക്കപ്പെടുന്നു.
·        കമ്പ്യൂച്ചിയ: ഹിജ്ര ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്കും ചൈനക്കും ഇടയ്ക്കും കമ്പ്യൂചിയയിലും ഹദരമികള്‍ എത്തി.
·        മലേഷ്യ, ഫിലിപ്പൈന്‍സ് : ഏകദേശം ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇവിടെയും എത്തി. ഫിലിപ്പൈന്‍സിലെ മിണ്ടാനവോ, ബവയാന്‍, സുലു തുടങിയ ദ്വീപുകളില്‍ ഈ സമയത്ത് തന്നെ ഹദറമികള്‍ എത്തിയിരുന്നു. അവിടന്നങ്ങോട്ട് ബ്രൂണയിലും സുമാത്രയിലും.
·        ആഫ്രിക്കന്‍ രാജ്യങ്ങള്‍
·        യൂറോപ്യന്‍ രാജ്യങ്ങള്‍
തുടങ്ങി ലോകത്തിന്റെ ഒരു വിധം മുസ്ലിംകള്‍ ഉള്ള ഒരുവിധം എല്ലായിടത്തും ഹദറമികള്‍ എത്തി എന്ന് വേണം പറയാന്‍. മുസ്ലിംകള്‍ നിലവില്‍ ഇല്ലാത്ത പല സ്ഥലത്തും ഹദറമികള്‍ മുന്‍കൈ എടുത്തു ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നു എന്നും ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നു.

 ദേശാടനം ആധുനിക കാലത്ത്‌
എന്ത് കൊണ്ട് ഹദറമികള്‍ ദേശാടനം നടത്തി എന്നത് ചരിത്രകാരന്മാര്‍ ഒരു പാട് നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ള ഒരു വിഷയമാണ്. ചിലര്‍ അഭിപ്രായപ്പെട്ടത്‌ ജീവിത വിഭവം തേടി കൊണ്ടായിരുന്നു എന്നാണു. മറ്റു ചിലര്‍ മത പ്രചാരണം തന്നെ ആയിരുന്നു ലക്‌ഷ്യം എന്ന് പറയുന്നു. എന്നാല്‍ കച്ചവടം തന്നെ ആയിരുന്നു ലക്ഷ്യം എന്ന് പറയുന്നവരും ഉണ്ട്. ആദ്യം പറഞ്ഞ ജീവിത വിഭവവും അവസാനം പറഞ്ഞ കച്ചവടവും ചേര്‍ത്ത് വെക്കാം എന്ന് തോന്നുന്നു. എന്നാല്‍ ഇസ്ലാം മത പ്രചാരണം ഒട്ടും കുറച്ചു കാണേണ്ട ഒന്നല്ല താനും. അതെ സമയം, ചില ആളുകള്‍ കച്ചവടത്തിന് തന്നെ വന്നവര്‍ ആണ് എന്നതും അവരുടെ കൂടെ ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍ ഉള്ളവരും വന്നു എന്നതായിരിക്കും മലബാറിലേക്കുള്ള ഹദറമികളുടെ കുടിയേറ്റത്തെ മനസ്സിലാക്കേണ്ടത്‌. അതെ സമയം ഒരിക്കല്‍ കുടിയേറ്റം നടന്നിടത്ത് ഉണ്ടായ തങ്ങളുടെ ബന്ധുക്കളെ തേടി വന്നു പിന്നെ അവിടെ തന്നെ കൂടിയ ചരിത്രങ്ങളും ഉണ്ട്. അതിനു പുറമേ, കുടിയേറിയ ബന്ധുവിനെ തേടി വന്നു, പലപ്പോഴും അമ്മാവനോ മറ്റോ, അവരുടെ കൂടെ ചേര്‍ന്ന് താമസിക്കുന്ന അവസ്ഥയും കാണാം. മമ്പുറം സയ്യിദ്‌ അലവി ബിന്‍ മുഹമ്മദ്‌, തന്റെ അമ്മാവന്‍ ആയ ശൈഖ് ജിഫ്രിയെ കാണാന്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മലബാറില്‍ എത്തിയത് എന്ന് പറയപ്പെടുന്നു.

ഒരു ഹദറമിക്ക്  വിദേശി സ്ത്രീയില്‍ ജനിച്ച കുട്ടിക്ക്‌ യമനില്‍ പൊതുവേ മുവല്ലിദു എന്നാണു പറയുക. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹദറമൌത്തില്‍ ഒരുപാട് മുവല്ലിദീങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ബാല്യവും കൌമാരവും ജനിച്ച നാട്ടില്‍ പിന്നിട്ടു യൌവനത്തിലോ മറ്റോ ഹദറമൌത്തില്‍ എത്തുന്ന മുവല്ലിദ് മിക്കവാറും ജനിച്ച നാട്ടിലേക്ക്‌ തന്നെ മടങ്ങുകയോ അല്ലെങ്കില്‍ ഒരു കച്ചവട ബന്ധം സ്ഥാപിക്കുകയോ ചെയ്യും. ചുരുക്കത്തില്‍ ഹദറമികള്‍ ചെന്ന നാട്ടിലുണ്ടാക്കിയ കല്യാണ ബന്ധങ്ങളും ഈ ദേശാടനം പുഷ്ടിപ്പെടുതുന്നതില്‍ പങ്കു വഹിച്ചു.  മുവല്ലിദിനു ഹദരമൌത്തില്‍ നില്‍കാന്‍ കഴിയാതെ വരുന്ന ഒരു സാഹചര്യം ഒരു പക്ഷെ, തന്റെ പിതാവിന് തന്നെ കൂടാതെ ഒരു പാട് മക്കള്‍ വേറെയും ഉണ്ട് എന്ന തിരിച്ചറിവും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന സാഹചര്യവും കൂടി ആവാം. ഇത്തരത്തില്‍ കാലിമാണ്ടന്‍ ദേശത്ത് നിന്ന് (ഇന്നത്തെ ബോര്‍ണിയോ ദീപ്, ഇന്തൊനീഷ്യ, മലേഷ്യ, ബ്രൂണൈ എന്നിവ പങ്കിടുന്നു)ഹദര്‍മൌത്തില്‍ പിതാവ് മുഹമ്മദിന്റെ  കൂടെ എത്തിയ ഒരു പയ്യന്‍ ആയിരുന്നു സാലിം. സാലിമിന്റെ ഉമ്മയുമായുള്ള ബന്ധം ഉപ്പ വേര്‍പ്പെടുതിയിരുന്നു. ഹദറമൌത്തില്‍ സാലിമിന് മറ്റു കുട്ടികളുടെ കൂടെ കഴിഞ്ഞപ്പോള്‍ ഒരു മുവല്ലിദ് എന്ന നിലയില്‍ ചില പ്രയാസങ്ങള്‍ നേരിട്ടു.  യുവാവായപ്പോള്‍ സാലിം അവിടെ നിന്ന് കാലിമാണ്ടന്‍ ദേശത്ത് എത്തി. പിന്നെ ജക്കാര്‍ത്തയില്‍ സ്വന്തം ബിസിനസ് സ്ഥാപിച്ചു. മസ്ലിന്‍ വ്യാപാരം. പിന്നെ വിയറ്റ്നാമില്‍ എത്തി. തുടര്‍ന്ന് സിംഗപ്പൂരില്‍ അദ്ദേഹം ഒരു പാട് വസ്തു വാഹകള്‍ വാങ്ങി കൂട്ടി. ഒന്നാം ലോക യുദ്ധ സമയത്ത് തന്റെ വസ്തുക്കള്‍ കൂടിയ വിലയ്ക്ക് വിറ്റ് അദ്ദേഹം നല്ല ലാഭമുണ്ടാക്കി. ആ സമയത്ത്, സിംഗപ്പൂരിലെ ഏറ്റവും വലിയ പണക്കാരന്‍ ആയിരുന്നു കേവലം മുവല്ലിദ് ആയ സാലിം എന്ന ആള്‍. (യുള്‍റീക് ഫ്രീടാഗ്).

വളരെ വര്‍ധിച്ച തോതില്‍ തന്നെ ഉണ്ടായിക്കൊണ്ടിരുന്ന ഒന്നാണ്  ഹദറമികളുടെ ദേശാടനം. ചില സന്ദര്‍ഭങ്ങളില്‍ അത് അതിന്റെ ഉച്ച സീമയില്‍ എത്തിയത കാണാന്‍ സാധിക്കും. 1930 കളില്‍ ഹദറമൌത്തില്‍ ആകെയുണ്ടായിരുന്ന 2,60000 ത്തില്‍ നിന്ന് 90000 പേരും മറ്റു പലയിടങ്ങളിലെക്കുമായി കുടിയേറിയിരുന്നു എന്ന് ഹദറമൌത്തിലെ കുടിയേറ്റത്തെ കുറിച്ച് പ്രത്യേക പഠനം നടത്തിയ യുള്‍റീക് ഫ്രീടാഗ് അഭിപ്രായപ്പെടുന്നു. തന്നെയുമല്ല, സമുദ്ര സഞ്ചാരത്തിന്റെ കാര്യത്തിലും യാത്രകള്‍ ആസൂത്രണം ചെയ്യുന്ന കാര്യത്തിലും ഹദറമികള്‍ വലിയ നിലവാരം പുലര്‍ത്തി എന്ന് ഉദാഹരണ സഹിതം അവര്‍ സമര്‍ഥിക്കുന്നുണ്ട്. മുതിര്‍ന്നവരും യാത്രാ പരിചയമുള്ളവരും ആയവര്‍ തങ്ങളുടെ കുടുംബത്തിലെ ഇളയവരെ യാത്ര അയക്കുമ്പോള്‍ യാത്രക്ക് വേണ്ടി വാങ്ങേണ്ട സാധങ്ങള്‍, തങ്ങേണ്ട സ്ഥലങ്ങള്‍, കാണേണ്ട ആളുകള്‍, , ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം തയാറാക്കിയ ഒരു കുറിപ്പ്‌ യാത്രക്കാരന്റെ കൈവശം കൊടുതയക്കുമായിരുന്നു. അത്തരത്തില്‍ ഒരു കുറിപ്പ്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അത് ഇങ്ങിനെ വായിക്കാം. കുറിപ്പിന്റെ മൂലം അറബിയില്‍ ആണ്.
when you reach Mukalla, you should stay with Sayyid Hussayn b. Hamid al-Mihdhar. All the money you might require, you will ohtain from Salim al-Yazidi whom we have notified. Send presents and letters to your families, children and to us, and write to us from everywhere so that we can rejoice at your well-being. Once you arrive in Aden, we have asked Abd al-Rahman bin Abdallah to write you a letter [of introduction]. When you have met him, follow his instructions. And if you happen to proceed to the haramayn [Mecca and Medina], follow his instructions.
 We have also asked Muhammad Jabar in Aden to provide you with everything you might need. If there is honey available in Mukalla, get some as a present for the relatives in Singapore. In Aden, buy some halwa, raisins and almonds as presents for your families, for us and the relatives in Singapore. Everything you might need from my money, whether little or much, is at your disposal. You also have my permission to pay sadaqa [alms]. When you travel to Singapore, follow the advice of your uncle Abd al-Rabman b. Abdullah.  On the day that you arrive in Aden, send a card to Al-Kaff, Singapore, Abu Bakr Abd al-Rabman, so that he knows that you are in Aden.

പ്രവാസത്തില്‍ ഉണ്ടായിരുന്ന ഹദറമികള്‍  അവിടെ തന്നെ തുടരാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതില്‍ ഏറ്റവും പ്രധാനം മുസ്ലിംകള്‍ എന്ന നിലയില്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക്‌ ലഭിച്ചിരുന്ന സ്വീകരണം ആണ്. മുസ്ലിംകളുടെ കൂട്ടത്തില്‍ പ്രവാചകന്റെ കുടുംബത്തിന് വലിയ സ്ഥാനം കല്പിച്ചു വന്നിരുന്നു. കൂഫയിലെയും ബസ്രയിലെയും ആളുകള്‍ കുടുംബത്തിലെ കുട്ടികള്‍ക്ക്‌ അമിത പ്രാധാന്യവും ബഹുമാനവും നല്‍കിയതാണ് ഒരുവേള അഹമദ്‌ ബിന്‍ ഈസയെ ഇറാഖ്‌ വിടാന്‍ പ്രേരിപ്പിച്ചത്‌ എന്ന് നമ്മള്‍ പറഞ്ഞു വെച്ചു. അതു പോലെയോ അതില്‍ അധികമോ ആയിരുന്നു ദേശാടനം നടത്തിയ പലയിടത്തും അവരെ പരിഗണിച്ചിരുന്നത്. ചെറിയ കുട്ടികളെ പോലും ബഹുമാനത്തോടെ ആണ് കണ്ടിരുന്നതും പരിഗണിച്ചിരുന്നതും. ഹദറമികളുടെ കൂട്ടത്തില്‍ കച്ചവടക്കാരും മത പണ്ഡിതരും തുടങ്ങി രാജാക്കന്മാരുമായി ബന്ധം വെച്ചവര്‍ വരെ ഉണ്ടായിരുന്നു. ഗുജറാത്തിലെ ഒരിടത്ത് മുസ്ലിം രാജാവ് ഹദറമിക്ക് തന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കുക ഉണ്ടായി. നിരവധി മുസ്ലിം രാജ കുടുംബങ്ങളുമായി ഈ വിവാഹ ബന്ധം ഹദറമികള്‍ തുടര്‍ന്നു. ഇന്തോനേഷ്യയിലും മാലിയിലും ബ്രൂണയിലും മലേഷ്യയിലും ഹൈദരാബാദിലും ബീജാപൂരും മലബാറിലും തുടങ്ങി ചൈനയിലും റഷ്യയിലും വരെ ഹദറമികള്‍ക്ക് വിവാഹ ബന്ധം ഉണ്ടായിരുന്നു. ഹദറമൌത്തിനെ അപേക്ഷിച്ചു നല്ല ജീവിത ചുറ്റുപാടും ജനങ്ങള്‍ കനിഞ്ഞു നല്‍കിയ ബഹുമാനവും പ്രവാസ ദേശത്ത് തന്നെ നില്‍ക്കാന്‍ ഹദറമികളെ പ്രേരിപ്പിച്ചു. ചെന്നിടത്ത് സ്ഥിര താമസം ആക്കുക മാത്രമല്ല, തന്റെ അടുത്ത കുടുംബങ്ങളെ കൊണ്ട് വരിക കൂടി ഹദ്രമികളുടെ പതിവായി. അങ്ങിനെ കൊണ്ട് വരപ്പെട്ടവര്‍ക്കും തനിക്ക് ലഭിക്കുന്ന അതെ ബഹുമാനവും ആദരവും ലഭിച്ചു പോന്നു.
മലബാറില്‍ ഹദറമികളെ, പ്രത്യേകിച്ചും പ്രവാചക കുടുംബങ്ങങ്ങളെ ബഹുമാനിച്ചു തങ്ങള്‍ എന്നാണു വിളിച്ചിരുന്നത്. കുട്ടികളെ പോലും ഇങ്ങള്‍ എന്ന് വിളിച്ചു ബഹുമാനിക്കുമായിരുന്നു. തങ്ങള്‍ കുട്ടികളെ വളരെ സ്നേഹത്തോടെ ആയിരുന്നു മുസ്ലിംകളും അല്ലാത്തവരും കണ്ടിരുന്നത്. മുസ്ലിംകളുടെയും അല്ലാത്തവരുടെയും പ്രശ്ന പരിഹാരത്തിന് ഈ തങ്ങന്മാര്‍  തന്നെ മുന്‍കൈ എടുത്തു.

ഹദറമികള്‍ക്ക് പ്രവാസ ലോകത്ത്‌ ലഭിച്ച ഈ സ്വീകാര്യത അവരുടെ ദേശമായ ഹദറമൌത്തിലും  പ്രതിഫലിച്ചു എന്ന് വേണം പറയാന്‍. ഹദറമൌത്ത്  വികസിച്ചു സിയൂനും തരീമും ഒക്കെയായി ഒരു പാട് വലുതായി.  ഒരു വേള ഹദറമൌത്തിന്‍നെ നാല്‍പതുകളില്‍ (1940) സംഭവിച്ച ക്ഷാമത്തില്‍ നിന്ന് പിടിച്ചു നിവര്‍ത്താന്‍ പ്രവാസത്തിലുള്ള ഹദറമികള്‍ക്ക് സാധിച്ചു. പ്രമുഖമായ നാല് ഹദറമി ട്രസ്റ്റുകള്‍ വളരെ ഉദാരമായി തന്നെ സിയൂനിലെയും തരീമിലെയും അടുത്തുള്ള മറ്റു പ്രദേശങ്ങളിലെയും ആളുകള്‍ക്ക് ഉദാരമായി സംഭാവന നല്‍കി. ഇത് വെറും കന്നുകാലി വളര്‍ത്തലില്‍ നിന്നും കൃഷിയില്‍ നിന്നും ഉപജീവനം കണ്ടിരുന്ന ഹദ്രമികള്‍ക്ക് വലിയ ആശ്വാസം ആയി. അവര്‍  ഈ പണം ഉപയോഗിച്ച് പുതിയ സ്ഥലവും വീടും ഒക്കെ വാങ്ങിച്ചു. മുപ്പതുകളില്‍ നിര്‍മ്മിക്കപ്പെട്ട വീടുകള്‍ ഇന്ത്യയില്‍ നിന്നും ഇന്തോനീഷ്യയില്‍ നിന്നും ഈസ്റ്റ്‌ ഇന്‍ഡീസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ട് വരപ്പെട്ട ഗൃഹോപകരണങ്ങളാല്‍ സമ്പുഷ്ടമായിരുന്നു എന്ന് ബ്രിട്ടീഷ്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.  ഹദറമികളുടെ വീട്ടിലെ കുളിമുറികളും കാര്‍പെറ്റുകളും ഇവര്‍ എടുത്തു പറയുന്നുണ്ട്.

അതെ സമയം, രാഷ്ട്രീയവും സാമൂഹികവുമായ ചില തിരിച്ചടികളും ഹദറമികള്‍ നേരിട്ടു എന്ന് വേണം പറയാന്‍. ഡച്ചുകാരുടെ അധീനത്തില്‍ ഉണ്ടായിരുന്ന ഈസ്റ്റ്‌ ഇന്‍ഡീസില്‍ അവരുടെ നിയമങ്ങള്‍ മാറുന്നതിനനുസരിച്ച്  വലിയതോതില്‍ ഹദറമികളെ ബാധിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങളെ പരിഗണിച്ചപ്പോള്‍ അറബികളെ ഒരു വിഭാഗം എന്ന നിലയില്‍ പരിഗണിക്കപ്പെട്ടു. എന്നാല്‍ ദേശീയ വാദം ശക്തിപ്പെട്ടപ്പോള്‍ അത് ഹദ്രമികള്‍ക്ക് വിനയായി. വിദേശികള്‍ എന്നതായിരുന്നു മുദ്ര. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്വാതന്ത്ര സമരങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ ഒരു ന്യൂന വിഭാഗം എന്ന അര്‍ത്ഥത്തില്‍ ഹദറമികളുടെ കച്ചവടത്തെ അത് കാര്യമായി ബാധിച്ചു. മാത്രമല്ല, മലബാറില്‍ അധിനിവേശിച്ച എല്ലാ വിദേശ ശക്തികളോടും പോരാടേണ്ടി വന്ന കഥയാണ് മുസ്ലിംകളോടൊപ്പം ഹദറമികളുടെതും. അത് കൂടാതെ, 1948 ല്‍ ഹൈദരാബാദ്‌ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഏകദേശം 70,000 ഹദറമികളെ ആണ് തിരിച്ചു ഹദറമൌത്തിലേക്ക്  കയറ്റി അയച്ചത്. അവര്‍ ഹദറമൌത്തില്‍ ഉണ്ടാക്കിയതും അവര്‍ക്ക്‌ ഉണ്ടായതുമായ പ്രശ്നങ്ങള്‍ ചരിത്രം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല. കെനിയയിലെ സാന്‍സിബാറില്‍ 1961, 1964 വര്‍ഷങ്ങളിലായി നിരവധി അറബികള്‍   കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ വലിയ അളവില്‍ ഹദറമികള്‍ ഉണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ എത്തി അവിടത്തുകാരെ കല്യാണം കഴിച്ചു കൂടിയ ഹദറമികള്‍ ആ നാടിനോട് അലിഞ്ഞു ചേര്‍ന്ന് അവിടത്തുകാര്‍ ആയി മാറിയിരുന്നു. അവരൊക്കെ അവരുടെ കുടുംബ പേരില്‍ തന്നെ അവിടെ നിലനിന്നു പോന്നു. കേരളത്തിലെ ഹദറമികളെ നോക്കുമ്പോള്‍ പ്രവാചക കാലത്തിനു തോട്ടുടനെയും പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും ഹദ്രമികള്‍ ഇവിടെ വന്നു കൊണ്ടിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. വന്നു എന്ന് മാത്രമല്ല, അവര്‍ മലബാറിലെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതായും പൂര്‍ണമായും കേരളക്കാര്‍ ആയതായും തങ്ങളുടെ പാരമ്പര്യം മതത്തിലും കുടുംബപ്പേരിലും മാത്രവുമായി ചുരുങ്ങിയതുമായി കാണാന്‍ സാധിക്കും. (യുള്‍റീക് ഫ്രീടാഗ് )

ഹദറമികള്‍ മലബാറില്‍ (തങ്ങള്‍മാര്‍ കേരളത്തില്‍)
ഹദറമൌത്തുകാര്‍ മലബാറില്‍ വന്നതിന്റെ ചരിത്രം അതി പുരാതനമാണ്. അടുത്തു കിടക്കുന്ന പ്രദേശം ആയതിനാല്‍ കടല്‍ സഞ്ചാര വിദഗ്ധര്‍ ആയിരുന്ന അറബികള്‍ കച്ചവടവുമായി ബന്ധപ്പെട്ടു കേരളത്തില്‍ എത്താറുണ്ടായിരുന്നു. കേരളത്തില്‍ താമസിച്ച ഇവര്‍ കല്യാണം കഴിക്കുകയും ഇവിടെ തന്നെ ജീവിക്കുകയും ചെയ്തിരുന്നു. ചില അറബി ഗ്രന്ഥങ്ങള്‍ പറയുന്നത് അനുസരിച്ച്, സുലൈമാന്‍ പ്രവാചകന് സമ്മാനമായി ബല്ക്കീസ് രാജ്ഞി കൊടുത്തയച്ച കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചന്ദനത്തൈലവും ആനക്കൊമ്പും ഉള്‍പ്പെട്ടതായി പറയുന്നു. ബല്കീസ് രാജ്ഞി ജീവിച്ച സബഅ എന്ന സ്ഥലം യമനില്‍ ആണെന്നാണ്‌ അഭിപ്രായം. ഇന്നത്തെ ഒമാനിലെ ദോഫാര്‍ പ്രവിശ്യയിലെ സംഹറം എന്ന പ്രദേശം ആണെന്നും പറയപ്പെടുന്നു. ഏതായാലും സംഹറം  (ഖോര്‍ റൂറി എന്നും അറിയപ്പെടുന്നു) എന്ന സ്ഥലത്തെ കോട്ടയും അവിടത്തെ ധാന്യ സംഭരണ അറകളും കൊട്ടാരത്തിന്റെ ഒരു ഭാഗത്ത്‌ കപ്പല്‍ അടുപ്പിക്കാനുള്ള ചാലും വെയര്‍ ഹൗസുകളും എല്ലാം ഇന്നും സംഹറത്ത്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത് ബല്കീസ് രാജ്ഞിയുടെ കോട്ട ആണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ തീരം അവര്‍ക്ക്‌ വളരെ അടുത്തും അതുമായുള്ള ഒരു കച്ചവട ബന്ധം സാധ്യവുമാണ്. ഇതിനു പുറമേ, ബൈബിള്‍ പറയുന്നത് അനുസരിച്ച് സോളമന്‍ ചക്രവര്‍ത്തിക്ക് വേണ്ടി (സുലൈമാന്‍) കുരങ്ങും മയിലും ഒക്കെ ഇവിടെ നിന്ന് കയറ്റി യിരുന്നു. ഓഫീര്‍ എന്ന് ബൈബിള്‍ പറഞ്ഞ തുറമുഖം ബേപ്പൂര്‍ ആകാനുള്ള സാധ്യത ചരിത്രകാരന്മാര്‍ പങ്കുവെക്കുന്നു.

മുമ്പ്‌ കാലത്ത്‌ ഇന്ത്യയുടെ പല ഭാഗങ്ങളിലും അറബികളുടെ താമസ കേന്ദ്രങ്ങള്‍  ഉണ്ടായിരുന്നതായി രേഖകളുണ്ട്. കച്ചവടത്തിന്‍റെ സൌകര്യാര്‍ത്ഥം ആയിരിക്കണം ഇവരില്‍ ചിലര്‍ ഇന്ത്യയില്‍ തന്നെ താമസിച്ചത്.  തുറമുഖ കേന്ദ്രങ്ങള്‍ ആയിരുന്നു ഇങ്ങിനെ അറബികള്‍ നിവസിച്ചിരുന്ന ഇടങ്ങള്‍.  ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ്‌ തന്നെ ഇതുണ്ടായിരുന്നു.  കേരളത്തിലെ അക്കാലത്തെ തുറമുഖങ്ങളില്‍ നിന്ന് അറബി പായ്ക്കപ്പലുകല്‍  കാലവര്‍ഷാരംഭത്തിനു മുമ്പ് ചരക്കുകളുമായി  പുറപ്പെടാറുണ്ടായിരുന്നു.  ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍  എഴുതപ്പെട്ടിട്ടുള്ള  പല സഞ്ചാരക്കുറിപ്പുകളിലും ഈ വിവരണങ്ങള്‍ കാണാം.
ഇസ്ലാം മത പ്രചാരണത്തിന് വേണ്ടി കേരളത്തിലേക്ക്‌ ആദ്യം വന്ന അറബികല്‍ മാലിക് ഇബ്നുദീനാറും ഷറഫ് ഇബ്നു മാലിക്കും മാലിക് ഇബ്നു ഹബീബും ഇവരുടെ കുടുംബങ്ങളുമായിരുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് നാടുവാഴികളുടെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി പല പള്ളികളും ഇവര്‍ നിര്‍മ്മിക്കുകയുണ്ടായി. മാലിക് ഇബ്നു ദീനാര്‍ കൊടുങ്ങല്ലൂരിലാണ് ആദ്യം കപ്പലിറങ്ങിയതെന്നും അവിടത്തെ രാജാവിന്റെ സമ്മതത്തോടുകൂടി ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ചേരമാന്‍ ജുമാ മസ്ജിദ് പണികഴിച്ച് അതിന്റെ ആദ്യത്തെ 'ഖാദി'യായെന്നും കരുതപ്പെടുന്നു. കുറച്ചുകാലത്തിനുശേഷം അദ്ദേഹവും മാലിക് ഇബ്നു ഹബീബും അവരുടെ കുടുംബാംഗങ്ങളുംകൂടി കൊല്ലത്തു വരികയും 'തെക്കന്‍  കോലത്തിരി'യുടെ അനുവാദത്തോടുകൂടി അവിടെ ഒരു പള്ളി ഉണ്ടാക്കുകയും ചെയ്തു. മാലിക് ഇബ്നുദീനാറിന്റെ പുത്രനായ ഹസനാണ് അവിടെ 'ഖാദി'യായി നിയമിതനായത്.

മൂന്നാമതു നിര്‍മിച്ച പള്ളി ചിറയ്ക്കല്‍ താലൂക്കിന്‍റെ  മാടായിയിലെ  പഴയങ്ങാടിക്കു സമീപമാണ്; അവിടെ മറ്റൊരു പുത്രനായ അബ്ദുല്‍ റഹിമാനെ 'ഖാദി'യായി നിയമിച്ചു. തുടര്‍ന്ന് ബക്കന്നൂര്‍, മംഗലാപുരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് പള്ളികള്‍  നിര്‍മിച്ചത്. മാലിക് ഇബ്നു ഹബീബിന്റെ പുത്രന്മാരായ ഇബ്രാഹിം, മൂസാ, മുഹമ്മദ് എന്നിവരെ യഥാക്രമം ഇവിടങ്ങളില്‍  'ഖാദി 'മാരായി ചുമതലപ്പെടുത്തുകയും ചെയ്തു. ശ്രീകണ്ഠാപുരം പള്ളിയാണ് അടുത്തത്. അവിടെ മാലിക് ഇബ്നു ദീനാറിന്റെ പുത്രനായ ഉമറാണ് 'ഖാദി'യായി നിയമിതനായത്. തുടര്‍ന്ന് ധര്‍മപട്ടണത്തും പന്തലായിനിയിലും ചാലിയത്തും പള്ളികള്‍  നിര്‍മ്മിക്കുകയും അവിടങ്ങളില്‍ ഹസന്‍, മുഹമ്മദ്, താഖിയുദ്ദീന്‍ എന്നീ പുത്രന്മാരെ യഥാക്രമം 'ഖാദി'മാരായി നിയമിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായി പണികഴിക്കപ്പെട്ട പള്ളികള്‍ ഇവയാണെന്ന കാര്യത്തില്‍ സംശയമില്ല. ചില പള്ളികളില്‍നിന്നും ലഭ്യമായിട്ടുള്ള രേഖകളില്‍നിന്നു വ്യക്തമാകുന്നത് മുഹമ്മദുനബിയുടെ കാലത്തുതന്നെ കേരളത്തില്‍ ഇസ്ലാംമത പ്രചാരണവും മതപരിവര്‍ത്തനവും നടന്നിരുന്നുവെന്നാണ്. (വികി പീഡിയ)

ഏതായാലും പ്രവാചക കുടുംബത്തിന്റെ മലബാറിലേക്കുള്ള വരവ് അതിനും ഒരുപാട് കാലങ്ങള്‍ക്ക്‌ ശേഷം നടന്നതാണ് എന്ന് വേണം കരുതാന്‍. കാരണം, പ്രവാചകന്റെ കാലഘട്ടത്തില്‍ കേരളത്തില്‍ വന്നവര്‍ ആരും തന്നെ പ്രവാചകന്റെ കുടുംബത്തില്‍ പെട്ടവര്‍ ആയിരുന്നോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, കേരളത്തിലേക്ക്‌ ഉള്ള പ്രവാചക കുടുംബത്തിന്റെ വരവ് ഹദറമികളുടെ ദേശാടനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്ന് വെച്ചാല്‍ മദീനയില്‍ നിന്നോ ഇറാഖില്‍ നിന്നോ പ്രവാചകന്റെ കുടുംബം മലബാറില്‍ വന്നിട്ടില്ല എന്നര്‍ത്ഥം.

അഹ്മദ്‌ ബിന്‍ ഈസാ അല്‍ മുഹാജിര്‍ ഹദറമൌത്തിലേക്ക് പോയതിനു ശേഷം ആദ്യമായി ഒരാള്‍ ഹദറമൌത്ത് വിടുന്നത് മുഹമ്മദ്‌ ബിന്‍ അലി (സാഹിബ് മിര്‍ബാത്ത് ) ആണ്. പൂര്‍ണനാമം മുഹമ്മദ്‌ ബിന്‍ അലി ബിന്‍ അലവി ബിന്‍ മുഹമ്മദ്‌ ബിന്‍ അലവി ബിന്‍ അബ്ദുല്ല ബിന്‍ അഹ്മദ്‌ അല്‍ മുഹാജിര്‍. എന്ന് വെച്ചാല്‍ അഹ്മദ്‌ അല്‍ മുഹാജിറിന്റെ അഞ്ചാം തലമുറ. ഹദറമൌത്തില്‍ നിന്ന് ഇപ്പോഴത്തെ ഒമാനിലെ മിര്‍ബാത്ത് (സലാലയ്ക്ക് അടുത്ത്) എന്ന സ്ഥലത്ത് ആണ് അദ്ദേഹം എത്തുന്നത്. സുന്നികളിലെ ഷാഫി മദ്ഹബ് സലാലയില്‍ എത്തുന്നത് ഇദ്ദേഹത്തിലൂടെ ആണ്. 1161ല്‍ (566H), മരണമടഞ്ഞ ഇദ്ദേഹത്തിന്റെ മക്കളായ അലിയുടെയും അലവിയുടെയും സന്താന പരമ്പരയില്‍ പെട്ടവര്‍ ആണ് മലബാറില്‍ എത്തിയ ആദ്യത്തെ ഹാഷിമികള്‍ എന്ന് അനുമാനിക്കപ്പെടുന്നു.

കോഴിക്കോടന്‍ രാജാക്കന്മാരുടെ ഹൈന്ദവജീവിതരീതിയും സംസ്കാരവും ഇസ്ലാമികജീവിതക്രമങ്ങളും തമ്മില്‍ സമരസപ്പെടുന്നതാണ് ഉത്തര മലബാറിന്റെ ചരിത്രം. അവിടെയുണ്ടായിരുന്ന ചില ഗ്രാമാധികാരികളേയും ബ്രാഹ്മണരേയും ആശാന്മാരേയും തങ്ങന്മാര്‍  എന്നു വിളിച്ചിരുന്നു. രാജാധികാരങ്ങളുമായി നേരിട്ടു ബന്ധം പുലര്‍ത്തിയിരുന്ന ഇത്തരക്കാരുമായി രാജാവിന്റെ അതിഥികള്‍ക്ക് ബന്ധമുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തിലെ താഴേതട്ടിലെ ജനസാമാന്യവുമായുള്ള ഇടപെടലുകള്‍ക്കെല്ലാം മുന്‍പ് വൈവാഹികവും വ്യക്തിപരവുമായ ബന്ധങ്ങള്‍ അറബികള്‍ക്ക് ഇത്തരക്കാര്‍ക്കിടയിലാവും സംഭവിച്ചിട്ടുണ്ടാവുക. അങ്ങനെ ഇസ്ലാംമതം സ്വീകരിക്കപ്പെട്ട 'തങ്ങള്‍' സ്ഥാനികളും അവര്‍ക്ക് അറബികളുമായുള്ള വിവാഹബന്ധങ്ങളിലുണ്ടായ പുതിയ തലമുറയും അതേ സ്ഥാനപ്പേരുതന്നെ നിലനിര്‍ത്തിയതായും കരുതുന്നവരുണ്ട് കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, കൊയിലാണ്ടി, കൊച്ചി തീരങ്ങളില്‍ കപ്പലിറങ്ങിയവര്‍ മമ്പുറം, തിരൂരങ്ങാടി, മലപ്പുറം, വളപട്ടണം എന്നിവിടങ്ങളില്‍ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ്‌ലുബൈത്ത് ഗോത്രങ്ങള്‍ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 40 ഗോത്രശാഖകളില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിലാണ് തങ്ങന്മാര്‍ അധികമായുള്ളത്. തെക്കന്‍ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ട്. (വികി പീഡിയ)
നാല്പതോളം സയ്യിദ്‌ കുടുംബങ്ങള്‍ മലബാറില്‍ വന്നു താമസിച്ചതായി രേഖകളില്‍ കാണുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവ:
·        അല്‍ സാഹിര്‍
·        അല്‍ ശിഹാബ്‌
·        അല്‍ ഹാദി
·        ബാ ഹസന്‍
·        ബാ ഷംല
·        ഇബ്ന്‍ സഹല്‍
·        ബാ ഹുസൈന്‍
·        അല്‍ സഖാഫ്‌
·        ആഖില്‍
·        ജമല്‍ ലൈലി
·        ഹംദൂന്‍
·        അയ്യദറൂസ്
·        ബാ അലവി
·        ബാ ഉമര്‍
·        ആല്‍ മഹമൂദ്‌
·        ആല്‍ താഹിര്‍
·        അല്‍ ഹാഷിം
·        അല്‍ അഹ്ദല്‍
·        അല്‍ ജിഫ്രി
·        മൌലദ്ദവീല
·        ബാ ഫഖീഹ്

അറബികളുടെ കേരളത്തിലെ ഇസ്ലാമിക പ്രചാരണകേന്ദ്രങ്ങളില്‍ പ്രധാനമായിരുന്നത് പൊന്നാനിയായിരുന്നു. 'കൊച്ചുമക്ക' എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കേരളത്തില്‍ ആദ്യകാലത്തു കല്ലച്ച് ഉപയോഗിച്ചു മുദ്രണം നടത്തിയിട്ടുള്ള കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇസ്ലാമിക സിദ്ധാന്തങ്ങളുടെ പ്രബോധനം നടത്തുന്നതില്‍ പൊന്നാനി വഹിച്ച പങ്ക് പ്രസ്താവ്യമാണ്. മതഗ്രന്ഥങ്ങള്‍ അച്ചടിച്ചു വില്പന നടത്തുന്ന സമ്പ്രദായം ഇസ്ലാമിക സിദ്ധാന്തങ്ങള്‍ക്കു പ്രചാരം കിട്ടാന്‍ സഹായകമായി. അങ്ങനെ കേരളീയ മുസ്ലീങ്ങളുടെ നേതൃത്വം പൊന്നാനിക്കു ലഭിച്ചു. അറബി വംശജരായ 'മഖ്ദൂം' കുടുംബക്കാരാണ് പരമ്പരാഗതമായി ഈ നേതൃത്വത്തിന്നവകാശികളായിത്തീര്‍ന്നത്. ചരിത്രകാരനായ ശൈഖ് സെയ്നുദ്ദീന്‍ ഈ കുടുംബത്തിലെ അംഗമായിരുന്നു (വികി പീഡിയ)

അറബി കുടുംബങ്ങള്‍ കേരളത്തില്‍ വന്നു താമസം ആക്കുമ്പോള്‍ മലയാള ഭാഷയുടെ ലിപി വികാസം പ്രാപിച്ചിരുന്നില്ല. അതിനാല്‍ നിരവധി പണ്ഡിതന്മാര്‍ അറബി ഭാഷ തന്നെയാണ് തങ്ങളുടെ പുസ്തക മെഴുത്തിനും ആശയ വിനിമയത്തിനും ഉപയോഗിച്ചത്‌. ശൈഖ് സെയ്നുദ്ദീനിബിനു അലിയെന്ന വലിയ സൈനുദ്ദീന്‍ മഖ്ദൂം ആണ് അറബിഗ്രന്ഥകാരന്മാരില്‍ അഗ്രഗണ്യന്‍. 1468-നും 1521-നും ഇടയ്ക്ക് ജീവിച്ചിരുന്ന അദ്ദേഹം ഇസ്ലാമികലോകത്തെങ്ങും അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു. അദ്ദേഹം എഴുതിയ അറബിഗ്രന്ഥങ്ങള്‍ താഴെപറയുന്നവയാണ്; മൂര്‍ഷിദുത്തുല്ലാബ്, സിറാജൂല്‍ഖുലൂബ്,  ഷംസുല്‍ഹുദാ, ഇര്‍ശാദുല്‍ ഖാസീദിന്‍, തുഹ്ഫത്തുല്‍ അഹിബ്ബാ,  ശുഅബുല്‍  ഈമാന്‍,  കിഫായത്തുല്‍ ഫറായിദ്,  കിതാബുസ് സഫാമിനശിഫാ,  തസ്ഹീലുല്‍ കാഫിയ.

മഖ്ദൂമിന്റെ പൗത്രന്‍ ശൈഖ്സൈനുദ്ദീന്‍ രണ്ടാമന്‍ ആണ് പ്രസിദ്ധനായ മറ്റൊരു ഗ്രന്ഥകര്‍ത്താവ്. ഇദ്ദേഹത്തിന്റെ കൃതികള്‍ ഫത്തഹുല്‍ മു ഈനും  തുഹ്ഫത്തുല്‍ മുജാഹിദീനുമാണ്. ഒന്നാമത്തേത് അറബി രാജ്യങ്ങളിലും ജാവയിലും മറ്റും പ്രചാരമുള്ള ഒരു ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിനു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുള്ള പണ്ഡിതന്മാര്‍ വളരെയുണ്ട്. . അറബിയില്‍ അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രസിദ്ധ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ പതിനെട്ടു ഭാഷകളിലേക്ക് ഇതുവരെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സൈനുദ്ദീന്‍ രണ്ടാമന്റെ സമകാലികനായിരുന്നു കോഴിക്കോട്ടെ ഖാസിമുഹമ്മദ്. മുഹിയിദ്ദീന്‍ മാലയും ഫത്തഹുല്‍മുബീനും ഖാസി എഴുതിയിട്ടുള്ളവയാണ്. ആദ്യത്തേത് ഒരു ഭക്തികാവ്യവും രണ്ടാമത്തേത് പോര്‍ച്ചുഗീസുകാരുടെ ആഗമനവും അവര്‍ കേരളത്തില്‍ നടത്തിയ അക്രമങ്ങളും വിവരിക്കുന്ന ഒരു കൃതിയുമാണ്. കേരളീയരായ മതപണ്ഡിതന്മാര്‍ പലരും അറബിഭാഷയില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
അതിനു പുറമേ അറബി മലയാളം എന്ന ഒരു ലിപി കൂടി ഉരുത്തിരിഞ്ഞു വന്നു. അതായത്‌, മലയാളത്തില്‍ കേട്ട കാര്യങ്ങള്‍ അറബി ഉപയോഗിച്ച് എഴുതുന്ന രീതി. അറബിയില്‍ ഇല്ലാത്ത മലയാള അക്ഷരങ്ങള്‍ ചില പുള്ളികളോ കുത്തുകളോ കൂടുതലായി നല്‍കി പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അറബികള്‍ ഇവിടെ ഉണ്ടായിരുന്നതിനാല്‍ തന്നെ അറബി എഴുത്തുകാരും സഞ്ചാരികളും കേരളം സന്ദര്‍ശിച്ചിരുന്നു. പ്രസിദ്ധരായ എല്ലാ അറബി സഞ്ചാരികളും കേരളം സന്ദര്‍ശിച്ചതായി രേഖകള്‍ ഉണ്ട്.

കേരളത്തിലെ സാമൂഹികസ്ഥിതിയെയും രാജാക്കന്മാരെയും രാജസ്ഥാനങ്ങളെയും കയറ്റുമതിയെയും ഇറക്കുമതിയെയും വ്യാവസായികസമ്പര്‍ക്കങ്ങളെയും സംബന്ധിച്ച് അറബി ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞന്മാരും വ്യക്തമായ വിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. 844-48 കാലത്ത് കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരിയാണ് ഇബ്നുഖുര്‍ദാദ്ബി; 851-ല്‍ കേരളത്തില്‍ വന്ന സുലൈമാന്‍, അദ്ദേഹത്തിന്റെ യാത്രാവിവരണഗ്രന്ഥമായ സില്‍സിലത്തുല്‍ തവാരിഖ് എന്ന ഗ്രന്ഥത്തില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സഞ്ചാരികളും ചരിത്രകാരന്മാരുമായ യാഖൂബീ (875-80), ഇബ്നുല്‍ ഫക്കീഹ് (903), അബുസൈദ് (950), മസ്ഊദി (943-55), ഇസ്തഖരി (950), ഇബ്നു ഹൌക്കര്‍ (975), മഖ്ദീസി (985), അല്‍ബീറൂനീ (973-1048), അല്‍ ഇദ്രീസി (1154), യാഖൂത് (1179-1229), അല്‍കസ്വീനി (1203-83), ദിവിഷ്ഖി (1325), അബുല്‍ഫിദ (1273-1331), ഇബ്നുബത്തൂത്ത (1355), അബ്ദുല്‍റസാക്ക് (1442) മുതലായ നിരവധി അറബിപണ്ഡിതന്മാര്‍ കേരളം സന്ദര്‍ശിച്ചു. അവരെഴുതിയിട്ടുള്ള സഞ്ചാരക്കുറിപ്പുകളും വിവരണങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗ്രന്ഥശേഖരങ്ങളില്‍ കാണാം. 9 മുതല്‍ 14 വരെ നൂറ്റാണ്ടുകളിലെ കേരള ചരിത്രത്തെക്കുറിച്ചറിയാന്‍ ഈ കൃതികള്‍ സഹായിക്കുന്നു (വികി പീഡിയ)

മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753-1844)
മമ്പുറം തങ്ങള്‍ എന്ന പേരില്‍ പ്രശസ്തനായ അലവി, യമനിലെ ഹദര്‍മൌത്തിനു അടുത്തുള്ള തരീമില്‍ ക്രിസ്തു വര്ഷം 1753 ല്‍ പ്രവാചകന്റെ വംശാവലിയില്‍ പെട്ട മൌലദ്ദവീല കുടുംബത്തില്‍ മുഹമ്മദ്‌ ബിന്‍ സഹലിന്റെയും ഫാത്വിമ ജിഫ്രിയുടെയും മകനായി ജനിച്ചു. പ്രവാചക കുടുംബത്തിലെ പ്രമുഖ വിഭാഗമായ അലവികളുടെ തന്നെ ഒരു താവഴി ആണ് മൌലദ്ദവീല. മാതാ പിതാക്കള്‍ ചെറുപ്പത്തിലെ മരണമടഞ്ഞ അലവി പിന്നീട് ഒരു പിതൃസഹോദരിയുടെ വീട്ടിലാണ് വളര്‍ന്നത്. അന്നത്തെ യമനിലെ പതിവുപോലെ ഇസ്ലാമിക വിദ്യാഭ്യാസത്തിലും ശിക്ഷണത്തിലും വ്യുല്‍പത്തി നേടിയ അലവി തന്റെ പതിനേഴാം വയസ്സില്‍, 1769ല്‍  ആണ് കപ്പല്‍ മാര്‍ഗം മലബാറില്‍ എത്തിയത്. അതായത് ഹദര്‍മൌത്തുകാര്‍ വ്യാപകമായി ദേശാടനം നടത്തുന്ന ആ സമയത്ത് തന്നെയാണ് സയ്യദ് അലവി ബിന്‍ മുഹമ്മദ്‌ കേരളത്തില്‍ എത്തുന്നത്. വളര്‍ത്തുമ്മയുടെ സമ്മതത്തോടെ യമനിലെ മുകല്ല തുറമുഖത്ത്‌  നിന്നാണ് അദ്ദേഹം കപ്പല്‍ കയറിയത്.


തന്റെ മാതാവ് ഫാത്തിമയുടെ സഹോദരന്മാര്‍ ശൈഖ്‌ ജിഫ്രിയും (കോഴിക്കോട്, മരണം 1222 H), ശൈഖ്‌ ഹസന്‍ ജിഫ്രിയും  (മമ്പുറം) ആദ്യമേ തരീമില്‍ നിന്ന് മലബാറില്‍ എത്തിയിരുന്നു. 1746 ല്‍ ആയിരുന്നു സയ്യിദ് ജിഫ്രി മലബാറില്‍ എത്തിയത്. സാമൂതിരി രാജാക്കന്മാര്‍ മുസ്ലിംകള്‍ക്കും അറബികള്‍ക്കും നല്‍കിയിരുന്ന ബഹുമാനവും ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍ നല്‍കി വന്നിരുന്ന പ്രോത്സാഹനവും ആണ് ശൈഖ് ജിഫ്രിയെ ഹദ്രമൌത്തില്‍ നിന്ന് കോഴിക്കോട്‌ എത്തിച്ചത്‌. ശൈഖ് ജിഫ്രി വന്നിറങ്ങിയപ്പോള്‍ അന്നത്തെ സാമൂതിരി രാജാവ് മാനവിക്രമനും അന്നത്തെ കോഴിക്കോട് ഖാദി മുഹിയുദ്ദീന്‍ അബ്ദുസ്സലാമും കൂടി ആണ് സ്വീകരിച്ചത്‌. മാനവിക്രമന്‍ സാമൂതിരി ജിഫ്രിയോടു കോഴിക്കോട് താമസിക്കാന്‍ ആവശ്യപ്പെടുകയും കല്ലായി പുഴയുടെ തീരത്ത് അദ്ദേഹത്തിന് ഒരു തെങ്ങിന്‍ തോപ്പ്‌ നല്‍കുകയും കുറ്റിച്ചിറയില്‍ കുളത്തോട് കൂടിയ ഒരു വീട് നല്‍കുകയും എല്ലാ വിധ ചുങ്കത്തില്‍ നിന്നും ഒഴിവാക്കി കൊടുക്കുകയും ചെയ്തു.

ഖാദിരി ത്വരീഖത്തിന്റെ മറ്റൊരു കൈവഴി ആയ ബാഅലവി സൂഫീ തരീഖത്‌ ആണ് ശൈഖ് ജിഫ്രി പിന്തുടര്‍ന്നിരുന്നത്. ശൈഖ് ജിഫ്രിയുടെ അതെ സമയത്ത് തന്നെയാണ് പ്രമുഖ സൂഫി അബ്ദുറഹ്മാന്‍ അല അയ്യദ്റൂസ് (മരണം 1751)പൊന്നാനിയില്‍ വന്നു താമസമാക്കുന്നത്. സയ്യിദ്‌ ജിഫ്രിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ്‌ ഹസന്‍ ജിഫ്രി 1754 ല്‍ കോഴിക്കോട് എത്തി. ഹസന്‍ ജിഫ്രി കുറച്ചു കാലം സഹോദരന്റെ കൂടെ കുറ്റിച്ചിറയില്‍ കഴിഞ്ഞതിനു ശേഷം തിരൂരങ്ങാടിക്കടുത്തു മമ്പുറത്ത്‌ വന്നു താമസം ആക്കി. തുടര്‍ന്നങ്ങോട്ട് നിരവധി സയ്യിദ്‌ കുടുംബങ്ങള്‍ കോഴിക്കോട് വന്നിറങ്ങി. ഇവരില്‍ ഏറെ പേരും താമസമാക്കിയത്‌  കൊയിലാണ്ടി ആയിരുന്നു. കൊയിലാണ്ടിയില്‍ നാല്പതോളം സയ്യിദ്‌ കുടുംബങ്ങള്‍ താമസമാക്കിയതായി പറയപ്പെടുന്നു. 
മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ട, തങ്ങളുടെ സഹോദര പുത്രന്‍,  അലവിയെ സംരക്ഷിക്കാനും ഉത്തരവാദിത്തങ്ങള്‍ എല്പിക്കാനും വേണ്ടി ആണ് ശൈഖ്‌ ജിഫ്രി മലബാറില്‍ കൊണ്ട് വന്നത്. തന്റെ സ്ഥലമായ കോഴിക്കോട് തന്നെ കുറച്ചു നാള്‍ അലവിയെ താമസിപ്പിച്ചു . പിന്നീട് മമ്പുറത്ത് താമസിക്കുന്ന ശൈഖ്‌ ഹസന്‍ ജിഫ്രിയുടെ അടുത്തേക്ക് അലവിയെ പറഞ്ഞയക്കുകയും ശേഷമുള്ള കാലം അലവി അവിടെ ശൈഖ്‌ ഹസന്‍ ജിഫ്രിയുടെ കൂടെ താമസിക്കുകയും ചെയ്തു. മമ്പുറത്ത് എത്തിയ അലവി അവിടത്തെ ഒരു ചെറിയ പള്ളി കേന്ദ്രീകരിച്ചായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പെട്ടെന്ന് തന്നെ നാട്ടുകാരുടെ ബഹുമാനവും ആദരവും പിടിച്ചു പറ്റിയ സയ്യിദ് അലവി താമസിയാതെ പ്രശസ്തനായി തീര്‍ന്നു. ബ്രിട്ടീഷ് ഭരണം നടമാടുന്ന സമയത്ത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ അദ്ദേഹം എടുത്ത നിലപാടുകള്‍ ശക്തമായിരുന്നു. എന്ന് മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ നടന്ന നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുകകയോ ഊര്‍ജ്ജം പകരുകയോ ചെയ്തത് സയ്യിദ് അലവി ആയിരുന്നു എന്ന് പറയാം.

ശൈഖ്‌ ഹസന്‍ ജിഫ്രി തന്റെ പുത്രിമാരില്‍ ഒരാളായ ഫാത്വിമയെ തന്നെ അലവിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു. വിവാഹത്തെ തുടര്‍ന്ന് സയ്യിദ് ഹസന്‍ ജിഫ്രിയുടെ വീട്ടില്‍ തന്നെ സയ്യിദ് അലവി താമസമാക്കുകയും ചെയ്തു. ഈ വിവാഹത്തില്‍ സയ്യിദ് അലവിക്ക് രണ്ടു മക്കള്‍ ഉണ്ടായി. തുടര്‍ന്ന് അദ്ദേഹം മാളിയേക്കല്‍ എന്ന തന്റെ സ്വന്തം വീട് ഉണ്ടാക്കി, അങ്ങോട്ട്‌ താമസം മാറ്റി.   എന്നാല്‍ ഹസന്‍ ജിഫ്രി, സയ്യിദ് അലവി എത്തുന്നതിനു മുമ്പായി മരണപ്പെട്ടു എന്നും തന്റെ വസിയ്യത്ത് പ്രകാരം മകള്‍ ഫാത്തിമയെ കോഴിക്കോട് താമസിച്ചിരുന്ന അലവി വന്നു കല്യാണം കഴിക്കുകയും പിന്നീട് ആ വീട്ടില്‍ താമസിക്കുകയും ആയിരുന്നു എന്ന് ചില രേഖകളില്‍ കാണാം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മമ്പുറം പള്ളിയുടെ കാര്യങ്ങള്‍ സയ്യിദ് അലവി ഏറ്റെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.

എന്നാല്‍ നമ്മുടെ ചരിത്ര പുരുഷനായ സയ്യിദ് ഫദല്‍ ജനിച്ചത് ശൈഖ്‌ ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാതിമയുമായുള്ള വിവാഹ ബന്ധത്തില്‍ അല്ല. മറിച്ചു, അവരുടെ മരണ ശേഷം സയ്യിദ് അലവി കൊയിലാണ്ടിയില്‍ ഉണ്ടായിരുന്ന അമ്പക്കാന്റ്കത്ത് അബൂബക്കര്‍ മദനിയുടെ മകള്‍ ഫാത്തിമയെ കല്യാണം കഴിച്ചിരുന്നു.ആ ബന്ധത്തിലാണ് സയ്യിദ് ഫദല്‍ ജനിക്കുന്നത്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്ന പേരിലാണ് മലബാറില്‍ അദ്ദേഹം പെരുമ നേടിയത്. ഇതിനു പുറമേ പൊന്മുണ്ടം സ്വദേശി ആയിഷയും സയ്യിദ് അലവി വിവാഹം ചെയ്തിരുന്നു.
അതുല്യമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സയ്യിദ് അലവി തനിക്ക് ലഭിച്ചിരുന്ന സമ്മാനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കുകയും അപ്രകാരം ചെയ്യാന്‍ കല്പിക്കുകയും ചെയ്തു. സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി നിലകൊണ്ട സയ്യിദ് അലവി, ശരിക്കും ഒരു ജനകീയ നായകന്‍ ആയിരുന്നു. പ്രതികൂല സാഹചര്യത്തില്‍ ജീവിക്കുമ്പോഴും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു അത് പരിഹരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഖുര്‍ആന്‍ , സുന്നത്ത് എന്നിവ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരാള്‍ എന്നതോടൊപ്പം തന്നെ ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. തന്റെ മതനേതാവ് എന്ന ഉത്തരവാദിത്തം മറ്റു മതസ്ഥരുമായി ചങ്ങാത്തം കൂടുന്നതിനും സൌഹാര്‍ദ്ദം പങ്കിടുന്നതിനും സയ്യിദ് അലവിക്ക് ഒരിക്കലും തടസ്സമായില്ല എന്നുവേണം കരുതാന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തിന്റെ വിജയത്തിന്‌ ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന്‌ തിരിച്ചറിഞ്ഞ തങ്ങള്‍ ആ മാര്‍ഗത്തില്‍ നിരവധി സേവനങ്ങള്‍ ചെയ്‌തു അങ്ങിനെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന ഒരു വീരപുരുഷന്‍ ആയി മാറി സയ്യിദ് അലവി.

ജന്മിമാരുടെ ചൂഷണത്തിന് വിധേയമായിരുന്ന മുസ്ലിംകളും താഴ്ന്ന വിഭാഗക്കാരായ ഹിന്ദുക്കളും തങ്ങള്‍ക്ക് കീഴില്‍ ഒരുമിച്ചു കൂടി. ഇത് ജന്മിമാര്‍ക്കും ജന്മിമാരെ പിന്തുണച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കി. ഹൈന്ദവ വീടുകളില്‍ വിവാഹ നിശ്ചയത്തിനു പോലും തങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. മാത്രമല്ല, ഹൈന്ദവ പ്രാമാണി ആയിരുന്ന കോന്തു നായര്‍ ആയിരുന്നു സയ്യിദ് അലവിയുടെ കാര്യസ്ഥന്‍. മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവത്തിനു ഇടവ മാസത്തിലെ രണ്ടാം വെള്ളി എന്ന് തിയ്യതി കുറിച്ചത് സയ്യിദ് അലവി ആണത്രേ. എന്നാല്‍ ഹിന്ദുക്കളുടെ ശത്രു ആക്കി ചിത്രീകരിക്കാന്‍ ആണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. ഇതിനോടൊപ്പം തന്നെ ഒരു ആത്മീയ ഭാവവും ഉണ്ടായിരുന്നു സയ്യിദ് അലവിക്ക്. ഖാദിരി ത്വരീഖതിന്റെ ഒരു ശാഖയായ് ബാഅലവി തരീഖത് ആയിരുന്നു സയ്യിദ് അലവി പിന്തുടര്‍ന്നത് എന്ന് പറയപ്പെടുന്നു.

മമ്പുറത്ത് താമസം ആക്കിയ തങ്ങള്‍ മലയാളം പഠിച്ചു തന്റെ കാലത്തെയ മുസ്ലിം പണ്ഡിതരുമായി സൌഹാര്‍ദ്ദത്തില്‍ ആയി. തന്റെ സമശീര്‍ഷരായ ഉമ്മര്‍ഖാദി സയ്യിദ് അലവിയുടെ ശിഷ്യനും സ്നേഹിതനും ആയിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ചുങ്കം കൊടുക്കാതെ സമരം ചെയ്ത ഉമര്‍ ഖാദിയെ അവര്‍ ജയിലില്‍ അടച്ചപ്പോള്‍ അദ്ദേഹം ജയിലില്‍ നിന്ന് തന്റെ സ്നേഹിതന്‍ മമ്പുറം സയ്യിദ് അലവിക്ക് അയച്ചു എന്ന് പറയപ്പെടുന്ന ഒരു കത്ത് വളരെ പ്രശസ്തമാണ്. ഖാദി ജമാലുദ്ദീന്‍ എന്ന പണ്ഡിതന്‍ ആയിരുന്നു സയ്യിദ് അലവിയുടെ മറ്റൊരു സമശീര്‍ശന്‍. പരപ്പനങ്ങാടി അവുക്കോയ മുസ്ല്യാര്‍ ആയിരുന്നു മറ്റൊരു സ്നേഹിതന്‍.

``ബ്രിട്ടീഷുകാരുടെ ഭരണം തീരുന്നതു വരെ ഓരോ ഇന്ത്യക്കാരനും പടപൊരുതണം'' എന്ന്‌ തങ്ങള്‍ പ്രഖ്യാപിച്ചു. സയ്യിദ് അലവി രചിച്ചതായ ഒരു ഗ്രന്ഥവും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിന്‌ ആഹ്വാനം ചെയ്യുന്ന ഒന്നാണ്. സൈഫുല്‍ബത്താര്‍ എന്ന ഗ്രന്ഥം ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തങ്ങള്‍ പുറത്തിറക്കുകയും ചെയ്‌തു. അതിന്റെ കോപ്പികള്‍ മുസ്‌ലിം മഹല്ലുകളില്‍ പ്രചരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഈ ഗ്രന്ഥം പിടിച്ചെടുത്ത്‌ നശിപ്പിച്ചു. കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധനായിത്തീര്‍ന്ന തങ്ങള്‍ ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളുടെ നേതൃസ്ഥാനത്തെത്താന്‍ അധികം സമയമെടുത്തില്ല ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ചില പോരാട്ടങ്ങള്‍ സയ്യിദ് അലവി നേരിട്ട് തന്നെ നയിച്ച്‌ എന്ന് പറയപ്പെടുന്നു. ഹിന്ദുക്കളോടും മുസ്ലിംകളോടും ഒന്നിച്ചു ബ്രിട്ടീഷ് എന്നാ ശത്രുവിനെതിരെ പോരാടാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു . തന്റെ കുതിരപ്പുറത്ത് കയറി നേരിട്ട് ബ്രിട്ടീഷ് പടയോട് സയ്യിദ് അലവി ഏറ്റുമുട്ടിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

1843ല്‍ മലപ്പുറത്തിനടുത്ത ചേറൂരില്‍ ലഹള പ്രസിദ്ധമാണ്. ഏഴു മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഈ ലഹളയില്‍ അവരുടെ മൃതദേഹങ്ങള്‍ ബ്രിട്ടീഷുകാര്‍ മമ്പുറത്തിനടുത്തു വെച്ച്‌ ചുട്ടെരിക്കാന്‍ കൊണ്ടുവന്നു. മനുഷ്യത്വമില്ലാത്ത ഈ കിരാത നടപടിയെ അറിഞ്ഞ്‌ വെള്ളക്കാരോട്‌ അരിശം പെരുകിയ പതിനായിരക്കണക്കിനു പേര്‍ മമ്പുറം തങ്ങളുടെ നേതൃത്വത്തില്‍ അണിനിരന്നു. സംഘടിച്ചെത്തിയ ഇവരെ കണ്ടതോടെ മൃതദേഹങ്ങള്‍ തിരൂരങ്ങാടിയില്‍ ഉപേക്ഷിച്ച്‌ ബ്രിട്ടീഷുകാര്‍ തിരിച്ചുപോയി.

 ഇത്തരം  സന്ദര്‍ഭങ്ങളില്‍ ആണ് സയ്യിദ് അലവിയുടെ പല അമാനുഷിക പ്രകടനങ്ങളും കണ്ടതായി ചിലര്‍ സാക്ഷ്യപ്പെടുത്തുന്നത്. നിരവധി കറാമത്തുകള്‍ ഈ അവസരത്തില്‍ സയ്യിദ് അലവി കാണിച്ചതായി പറയപ്പെടുന്നു. ഇത്തരത്തില്‍ ഒരു പോരാട്ടത്തിനു ഇടയില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് കൊണ്ട വെടിയുണ്ട ആയിരുന്നു തങ്ങള്‍ക്ക് അവസാന കാലത്ത് ഒരു വിവശത ഉണ്ടാവാന്‍ കാരണം. സയ്യിദ് അലവി മലബാറില്‍ പലയിടങ്ങളിലും പള്ളികള്‍ ഉണ്ടാക്കിയതായി പറയപ്പെടുന്നു. പള്ളികളുടെ സ്ഥാനം നിര്‍ണയിക്കാനുള്ള വൈദഗ്ദ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. താനൂര്‍, വടക്കെപ്പള്ളി, ചാപ്പനങ്ങാടി, കാനഞ്ചേരി, മൂന്നൂര്‍, ഓടുങ്ങാട്ട്  ചിനക്കല്‍, വെളിമുക്ക്, മുട്ടിയിറക്കം, പൊന്മുണ്ടം എന്നീ സ്ഥലങ്ങളിലെ പള്ളികള്‍ അതില്‍ പെടുന്നു. 1844ല്‍ (1260H Muharam 7), തന്റെ തൊണ്ണൂറാം വയസ്സില്‍ അദ്ദേഹം ഇഹലോകം വെടിഞ്ഞു.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ സാമൂഹിക ജാഗരണത്തിന്റെ ആദ്യ ശില്‌പികളിലൊരാളായ അലവി തങ്ങള്‍ പ്രഗത്ഭനായ പണ്ഡിതന്‍ കൂടിയായിരുന്നു. വെളിയങ്കോട്‌ ഉമര്‍ ഖാദി, അബൂബക്‌ര്‍ ബ്‌നി ഹിശാം എന്ന അവുക്കോയ മുസ്‌ലിയാര്‍, പയ്യനാട്‌ ബൈതാന്‍ മുസ്‌ലിയാര്‍, തുടങ്ങിയവരടക്കം അനേകം ശിഷ്യന്മാര്‍ തങ്ങള്‍ക്കുണ്ട്‌. ഒട്ടും ആര്‍ഭാടങ്ങളില്ലാത്ത ജീവിതമായിരുന്നു മമ്പുറം തങ്ങളുടേത്‌.

മലബാറിലെ മാപ്പിള മാര്‍ക്കിടയില്‍ മമ്പുറം തങ്ങന്മാര്‍ക്ക് പ്രത്യേകിച്ചും  മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. സയ്യിദ് അലവിയെ ബഹുമാനപൂര്‍വ്വം അവര്‍ ഖുതുബുസ്സമാന്‍ എന്നാണു വിളിക്കുന്നത്. എത്രതോള മെന്നാല്‍ അമാനുഷികമായ ഒരു ദിവ്യത്വം ഇദ്ദേഹത്തിനു അവര്‍ ചാര്‍ത്തി വന്നു. മലബാറില്‍ ചില ഇടങ്ങളില്‍ മുസ്ലിംകള്‍ തെന്നി വീഴുമ്പോഴോ കുട്ടികള്‍ അബദ്ധങ്ങള്‍ ചെയ്യുന്നത് കാണുമ്പോഴോ മമ്പ്രത്തെ തങ്ങളേ എന്നാ ഒരു വിളിയുണ്ട്. വീഴാന്‍ പോകുന്ന എന്റെ കുഞ്ഞിനെ ആ വീഴ്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ദിവ്യനായ സയ്യിദ് അലവിക്ക് അദ്ദേഹത്തിന്റെ മരണ ശേഷവും സാധിക്കും എന്നുള്ള ഒരു മൂഡ ധാരണ ഇപ്പോഴും ചില പഴയ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. തത്തുല്യമായി പൊന്നാനി പ്രദേശങ്ങളില്‍ നില നില്‍ക്കുന ഒരേയൊരു വിളി  പുത്തന്‍ പള്ളിക്കലെ മൂപ്പരെ എന്നുള്ളതാണ്. പുത്തന്‍ പള്ളിയിലെ കുഞ്ഞഹമ്മദ് മുസ്ലിയാരെ ആണ് ഉദ്ദേശിക്കുന്നത് . പുറമേ ഇതേ ദിവ്യത്വം നല്‍കി വിളിക്കപ്പെടുന്നത് ശൈഖ്‌ മുഹിയുദ്ദീന്‍  അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന മഹാനും ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മഹാന്മാരുമാണ്. യഥാക്രമം  മൊയ്തീന്‍ ശൈഖേ, ബദരീങ്ങളെ എന്നിങ്ങനെയാണ് വിളി.  ജീവിച്ചിരുന്ന കാലത്ത് ഒരുപാട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ഒരു മഹാന്‍ ആയിരുന്നു മമ്പുറം തങ്ങള്‍ എന്ന് ഇതില്‍ നിന്നും അനുമാനിക്കാം.  ഇന്നും മലബാറില്‍ കാണപ്പെടുന്ന സൈതലവി എന്ന പേര് മമ്പുറം സയ്യിദ് അലവി യുടെ പേരാണ്. അത് അറിയാത്തവര്‍ പോലും ആ പേരിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

നിരവധി അനവധി മൌലിദുകള്‍ മമ്പുറം തങ്ങളുടെ പേരില്‍ ഇറങ്ങിയിട്ടുണ്ട്. അരീക്കല്‍ മുഹമ്മദ്‌ മുസ്‌ലിയാരുടെ മിന്‍ഹതുല്‍ ഖവീബി മിദ്‌ഹതി അസ്സയ്യിദ്‌ അലവി, ഉമറുല്‍ ബര്‍റ്‌ എഴുതിയ മൗലിദുന്‍ അസ്സയ്യിദ്‌ അലവി അല്‍മമ്പുറമി, തിരൂര്‍ കരാട്ട്‌ കുഞ്ഞിപരി മുസ്‌ലിയാരുടെ ഫത്‌ഹുല്‍കബീര്‍, പാങ്ങില്‍ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരുടെ അന്നഹ്‌ഹതുല്‍ ജലീല, തരിവറ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ മമ്പുറം മൗലിദ്‌, പിലാക്കല്‍ അലി ഹസന്‍ മുസ്‌ലിയാരുടെ മറ്റൊരു മൗലീദ്‌, കുഴിയന്‍ തുടത്തില്‍ അബ്‌ദുര്‍റഹ്‌മാന്റെ മഅ്‌ദിനുല്‍ യവാഖീത്‌, ചാപ്പനങ്ങാടി ഹസനുല്‍ മുസ്‌ലിയാരുടെ മമ്പുറം മൗലീദ്‌, വളപ്പില്‍ അബ്‌ദുല്‍ അസീസ്‌ മുസ്‌ലിയാരുടെ അലവി തങ്ങള്‍ മൗലിദ്‌ തുടങ്ങി അനേകം മൗലിദ്‌ കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. മമ്പുറം തങ്ങളെ അസാധാരണവും അമാനുഷികവുമായ കീര്‍ത്തികളിലേക്ക്‌ തെറ്റായി അവതരിപ്പിച്ചത്‌ ഈ മൗലിദുകളാണ്‌.

1844ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഖബ്‌റും മമ്പുറം ദേശവും ഇന്ന്‌ വളരെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. മമ്പുറം തങ്ങളെക്കുറിച്ച്‌ എഴുതിയ കവിതയില്‍ വെളിയങ്കോട്‌ ഉമര്‍ ഖാദി ഇങ്ങനെയെഴുതി: ``അല്ലാഹുവാണ്‌ സത്യം, ശരിയായ വിശ്വാസങ്ങളിലും അല്ലാഹുവില്‍ ഭരമേല്‌പിക്കുന്നതിലും എല്ലാവരെക്കാള്‍ ഉയരത്തിലായിരുന്നു അദ്ദേഹം. ജീവിതകാലത്തും മരണാനന്തരവും യാതൊരു ഗുണവും ദോഷവും ഉപകാരവും ഉപദ്രവവും എന്റെ നാഥനായ അല്ലാഹുവിങ്കല്‍ നിന്നല്ലാതെ നിങ്ങള്‍ക്ക്‌ ലഭിക്കുകയില്ല. ഉന്നതനായ അല്ലാഹുവിങ്കല്‍ നിന്നല്ലാതെ നന്മയും തിന്മയും ഉപകാരവും ഉപദ്രവവും ഒരിക്കലും നിങ്ങള്‍ക്ക്‌ ലഭിക്കുകയില്ല.'' (ജീവിതം, ആത്മീയത, പോരാട്ടം, പേ 633)

ഡോ. കെ എന്‍ പണിക്കര്‍, മമ്പുറം തങ്ങളുടെ ജീവിതത്തെയും പോരാട്ടങ്ങളെയും വിശദപഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ട്‌. തങ്ങളുടെ മതസൗഹൃദ സമീപനത്തെക്കുറിച്ച്‌ ഡോ. പണിക്കര്‍ എഴുതുന്നു: ``ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ്‌ നടത്തുന്നതിന്‌ ആഹ്വാനം ചെയ്‌തെങ്കിലും മറ്റു മതവിഭാഗക്കാരോട്‌ അദ്ദേഹം അസഹിഷ്‌ണുവാണെന്ന്‌ ഇത്‌ കാണിക്കുന്നില്ല. ഹൈന്ദവരുടെ ഇടയില്‍ ധാരാളം സുഹൃത്തുക്കളും സ്‌നേഹജനങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം മതഭ്രാന്തനായ ഒരു അറബിയാണെന്ന വീക്ഷണം യാഥാര്‍ഥ്യമല്ല. ഹൈന്ദവരോട്‌ അദ്ദേഹത്തിന്‌ വിരോധമുള്ളതായി തെളിയിക്കുന്ന ഒരു രേഖയും ഇല്ല. എന്നാല്‍ തന്റെ സ്ഥാപനങ്ങളില്‍ അദ്ദേഹം ഹിന്ദുക്കള്‍ക്ക്‌ ജോലി നല്‌കിയിരുന്നു. അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ ഒരു ഹിന്ദുവായിരുന്നു. മാപ്പിള സമൂഹത്തില്‍ നവോത്ഥാനം ആഗ്രഹിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ലൗകിക മോഹങ്ങളെ നിയന്ത്രിച്ച്‌ ആത്മശുദ്ധീകരണം നടത്താനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍.'' (മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്‌ചയ്‌ക്കുമെതിരെ, പേജ്‌ 81)

പ്രവാചകന്റെ തലമുറയില്‍ പെട്ടവര്‍ എന്ന അര്‍ത്ഥത്തിലും ഇസ്ലാമിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്ന നിലയിലും മമ്പുറം തങ്ങന്മാര്‍ സ്വന്തമായി തന്നെ അല്പം പോന്നവര്‍ ആയി കരുതിയിരുന്നു. അതാവട്ടെ, മലബാറിലെ മുസ്ലിം സമുദായം അതിനേക്കാള്‍ നന്നായി ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. മലബാറിലെ മുസ്ലിംകള്‍ള്‍ക്കിടയിലെ പരിഷ്കരണത്തിന്റെ പ്രായോജകര്‍ എന്ന നിലയിലും ഇവര്‍ വ്യത്യസ്തര്‍ ആയി. അതിലേറ്റവും പ്രധാനം, ഉത്തരേന്ത്യയില്‍ പ്രചാരണത്തിലുണ്ടായിരുന്ന, മുഗിള ഭരണത്തിലൂടെയും മറ്റും  ദക്ഷിണേന്ത്യയിലെ മുസ്ലിം ഭരണാധികാരികളുടെ കാലത്തും തുടര്‍ന്നും മലബാറില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന സൂഫീ, ശീയീ ധാരയെ മാറ്റി മറിച്ചു എന്നുള്ളതാണ്.സൂഫീ ധാരയിലെ വ്യത്യസ്ത തരീഖതുകള്‍ മലബാറില്‍ ശക്തമായി നിലനിന്നിരുന്നു. അത് പോലെ തന്നെയാണ് ശീഈ സ്വാധീനവും. കൊണ്ടോട്ടി തങ്ങന്മാര്‍ ശീഈ ധാരയില്‍ പെട്ടവര്‍ ആയിരുന്നു എന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.

പണ്ഡിതന്മാര്‍ക്കും സഹാബികള്‍ക്കും അതി ദിവ്യത്വം കല്പിക്കുന്ന  മലബാറിലെ മുസ്ലിംകളുടെ പാരമ്പര്യത്തിന് ഈ ശീഈ സ്വാധീനം അനല്പമായ പങ്കു വഹിച്ചിട്ടുണ്ട്‌ എന്ന് കാണാം. ആ ധാരയിലൂടെ ആണ് ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ കാവ്യം, ലൈലാ മജുനു എന്നിവ ഇവിടെ എത്തിയത് എന്ന് പറയപ്പെടുന്നു. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ബദ റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ പാട്ട് തന്റെ ശൈഖായിരുന്ന കൊണ്ടോട്ടിയിലെ നിസാമുദ്ദീന്‍ ശൈഖ്‌ പറഞ്ഞു തന്നതായി അദ്ദേഹം പാട്ടിന്റെ ഇടയ്ക്ക് പറയുന്നുണ്ട്.  


മാത്രമല്ല, പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട് തുടങ്ങി മലബാറിലെ മുസ്ലിംകള്‍ നിര്‍ബന്ധമായി പാടി നടന്നിരുന്ന രണ്ടു പാട്ടുകളും അലി (റ) വിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന സാങ്കല്പിക കഥകള്‍ ആണ്. എന്ന് മാത്രമല്ല, കഥയില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ള ഇമാം അലി എന്ന പ്രയോഗം തന്നെ ശീഇ പ്രയോഗം ആണ്. സുന്നികള്‍ക്കിടയില്‍ നാലാം ഖലീഫ അലിയെ ഇമാം അലി എന്ന് വിളിക്കാറില്ല.  എന്നാല്‍ ചരിത്രത്തില്‍ ഇത്ര ശക്തമായ സ്വാധീനം മലബാറിലെ ശിയാക്കള്‍ ചെലുത്തി പോന്നിരുന്നു എങ്കിലും പിന്നീട് കേരളത്തില്‍ ശിയാ സ്വാധീനം മുസ്ലിംകള്‍ക്കിടയില്‍ തീരെ ഇല്ലാതായതിന് പിന്നില്‍ ഒരു പക്ഷെ മമ്പുറം തങ്ങള്മാര്‍ പോലെയുള്ള പ്രവാചക കുടുംങ്ങള്‍ , പ്രത്യേകിച്ചും ഹദര്‍ മൌത്തില്‍ നിന്ന് വന്നവര്‍ ചെലുത്തിയ കാര്യമായ സ്വാധീനം ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. 

2 comments:

NIYAS ALI said...

മമ്പുറം തങ്ങൾ നടത്തിയ ഏതെങ്കിലും സ്വാതന്ത്ര സമരത്തെ കുറിച്ച് പറയാമൊ?.
ചേറൂർ കലാപം ഒഴികെ.........
ഞാൻ മമ്പുറം തങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ചരിത്ര വിദ്ധ്യാർത്തി ആണ്..............

Ashik said...

കോന്തുനായർ ഏത് നാട്ടുകാരനാണ്