ഈജിപ്ത്: ലോകം ഉറ്റു നോക്കുന്ന ഒരു വിജയം
ഈ ജൂണ്‍ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങള്‍ ലോകം ആകംക്ഷയുടെ മുള്‍മുനയിലയിരുന്നു. ജൂണ്‍ 16, 17 തിയതികളില്‍ നടന്ന ഈജ്പ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ദിവസമായിരുന്നു ജൂണ്‍ 19. ജൂണ്‍ 19 വരെ ആശങ്കകള്‍ക്ക് ഒരു കാര്യവുമില്ലായിരുന്നു. കാരണം അത്ര കണ്ടു സുനിശ്ചിതമായിരൂന്നു ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ പാര്‍തിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മുര്‍സിയുടെ വിജയം. പകല്‍ വെളിച്ചം പോലെ വ്യക്തമായ ഭൂരിപക്ഷം ഡോ. മുഹമ്മദ് മുര്‍സി നേടും എന്നത് എല്ലാവരും ഉറപ്പിച്ചു പറഞ്ഞതാണ്. കാരണം ഒന്നാം ഘട്ട പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിന്നീട് അവശേഷിച്ചത് പഴയ ഏകാധിപതി ഹുസ്നിയുടെ വലം കൈയും പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശഫീകും ഡോ മുര്സിയുമാണ്. എന്ന് വെച്ചാല്‍ വിപ്ലവം അടിച്ചമര്‍ത്താന്‍ ശ്രമിച്ചവരും വിപ്ലവം നടത്തിയവരും തമ്മില്‍. ഇതില്‍ വിപ്ലവത്തെ അനുകൂലിച്ച ജനം ഡോ മുര്‍സിയെ തെരെഞ്ഞെടുക്കുമെന്നതില്‍ ആശങ്ക ഒട്ടും ഉണ്ടായിരുന്നില്ല. മാത്രമല്ല, രണ്ടാം ഘട്ട മത്സരത്തില്‍ നിന്ന് പിന്തള്ളപ്പെട്ട വിപ്ലവാനുകൂലികളായ മറ്റ് പ്രസിഡണ്ട് സ്ഥാനാര്തികള്ക്ക് ലഭിച്ച വോട്ടും മുര്‍സിക്ക് ലഭിക്കും എന്നതിനാല്‍ വിജയം ഉറപ്പായിരുന്നു. അതിനാല്‍ 50 ലധികം ശതമാനം വോട്ടനേടി മുര്‍സി വിജയിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ ആകെ കീഴ്മേല്‍ മറിഞ്ഞത്. ജൂലൈ 19 നു ഫലപ്രഖ്യാപനം ഒരാഴച ത്തേക്ക് നീട്ടി വെക്കുകയാണെന്നു സൈനിക തലവന്‍ പ്രഖ്യാപിച്ചപ്പോള്‍ മൊത്തത്തില്‍ അന്തരീക്ഷം ആകെ മാറി. എന്തൊക്കെയോ അരുതയ്മകള്‍ നടക്കുന്നതിന്റെ മുന്നോടിയാണ് ഈ നീട്ടിവെക്കല്‍ എന്ന് എല്ലാവര്ക്കും തോന്നിത്തുടങ്ങി. അപ്പോഴാണ് തങ്ങള്‍ക്കു 50 ലധികം വോട്ടു കിട്ടി എന്ന് പറഞ്ഞു ബ്രദര്‍ഹുഡ് രംഗത്ത് വരുന്നത്. ഒരര്‍ഥത്തില്‍ ഒരു മുഴം മുമ്പേ എറിഞ്ഞുള്ള ഒരു അഭ്യാസമാണ് ബ്രദര്‍ ഹുഡ് നടത്തിയത്. കാരണം അണിയറയില്‍ എന്തോ ഗൂഡാലോചന നടക്കുന്നുണ്ട് എന്നവര്‍ കണക്ക് കൂട്ടി. അനഭിലഷണീയമായ ആ ഫലം പുറത്തു വരുന്നതിനു മുമ്പ് സത്യം ജനങ്ങള്‍ അറിയണം എന്ന ഒരു താല്പര്യം ഈ വിളിച്ചു പറയലിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ ആ വെളിപ്പെടുത്തല്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകു മായിരുന്നു.
രണ്ടാമതും ഈജിപ്തിനെ വിപ്ലവത്തിലേക്ക് വലിച്ച്ചിഴക്കാവുന്ന ഒരു തീരുമാനം, അതായത്, ശഫീഖിനെ പ്രസിഡന്റ് ആക്കി പ്രഖ്യാപിക്കല്‍, സൈനിക കോടതി കൈകൊള്ളല്ലേ എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഒരു പക്ഷെ ബ്രദര്‍ ഹുഡ് തന്നെയായിരിക്കും. എന്നാല്‍ അവര്‍ ഭയപ്പെട്ട തീരുമാനം നടപ്പാക്കാന്‍ തന്നെയായിരുന്നു അണിയറയില്‍ തീരുമാനിക്കപ്പെട്ടത്. നാടകീയമായി താന്‍ താമസിയാതെ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നു 22 നു വെള്ളിയാഴ്ച ഷഫീഖ് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. അതോട് കൂടി ഈജിപ്ത് ഏകദേശം നിരാശാബോധത്ത്തിലേക്ക് നീങ്ങി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ ബ്രദര്‍ ഹുഡ് നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. അതിനും പുറമേ, 22 ലെ ശഫീഖിന്റെ പ്രഖ്യാപനം കൂടിയായപ്പോള്‍ ഈജിപ്ത് രണ്ടാമതും ഒരു വിപ്ലവത്തെ മുഖാമുഖം കണ്ടു. പക്ഷെ അന്ന് വൈകുന്നേരം സൈന്യ നടപടിയില്‍ പ്രതിഷേധിച്ച് തഹരീര്‍ ചത്വരത്തില്‍ ഒരുമിച്ചു കൂടിയവരെ അഭിസംബോധന ചെയ്യാന്‍ മുര്‍സിയും ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ പ്രമുഖ സോഷ്യലിസ്റ്റ് ഹംദീന്‍ സബാഹിയും ഒരുമിച്ചു വന്നു. ഇരമ്പിപ്പെയ്യുന്ന ആ ജനസാഗരത്തെ അഭിമുഖീകരിച്ചു ഡോ മുര്‍സി 10 മിനിറ്റോളം സംസാരിച്ചു. ഒരു പക്ഷെ, സൈന്യത്തെ പുന:ചിന്തിക്കാന്‍ പ്രേരിപ്പിച്ച അളന്നു മുറിച്ച സംസാരം. മുമ്പേ പാര്‍ലമെന്റിലിരിക്കുമ്പോള്‍ തന്റെ ആറ്റിക്കുറുക്കിയ സംസാരത്തിന് പേര് കേട്ട ആളാണ് മുര്‍സി. വളരെ സുന്ദരമായി, അങ്ങേയറ്റത്തെ സ്തൈര്യത്തില്‍, ഒരു ലോക നേതാവിന് വേണ്ട എല്ലാ ഗുണ ഗണങ്ങളോടും കൂടി മര്‍സി നടത്തിയ ആ പ്രസംഗം കുറിക്കു കൊണ്ടു. സൈന്യത്തെയും സൈന്യത്തിലെ ഈജ്പ്ത്ഷ്യന്‍ യുവാക്കളെയും പുകഴ്ത്തിയ ആ പ്രസംഗത്തില്‍ ഈജിപ്തില്‍ തീ കത്തിക്കാന്‍ കൂട്ട് നില്‍ക്കരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ആകെ കുഴപ്പത്തിലായ സൈന്യം മുര്സിയുമായി ചര്‍ച്ച നടത്തുകയും മുമ്പേ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ഇടവേള എന്ന കാര്യം മാറ്റി വെച്ച് മുര്‍സിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.
ഈജിപ്തിലെ മുര്‍സിയുടെ വിജയം ഈജിപ്തുകാര്‍ക്ക്
വിപ്ലവത്തിന്റെ വിജയമാണെങ്കില്‍ ലോകത്തിനു അങ്ങിനെയല്ല. ലോകം ഉറ്റു നോക്കുന്ന ഒരു
പുതിയ വിജയമാണത്. ആധുനിക കാലഘട്ടത്തില്‍ ഇസ്ലാമിക മൂല്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന
ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ വിജയം കൂടിയാണത്. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ജനാധിപത്യത്തിനും,
തകര്‍ന്നു കൊണ്ടിരിക്കുന്ന മുതലാളിത്ത ജനാധിപത്യത്തിനും അപ്പുറത്ത് ഒരു ഇസ്ലാമിക
ജനാധിപത്യത്തിന്റെ പരീക്ഷണങ്ങള്‍ക്കാണ് ഇനി ഈജിപ്ത് വേദിയാവുക. അത് തന്നെ ഈ
ഇസ്ലാമിക ജനാധിപത്യ വാദം ആദ്യം ഉയര്‍ത്തിയ മണ്ണില്‍ തന്നെയാണ് എന്നതാണ് ഇതിണെ
ഏറ്റവും ശ്രദ്ധേയമാക്കുന്നതും. ആധുനിക
ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ ഏറ്റവും മുതിര്‍ന്നത് ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്
ആണ്. അതിനാല്‍ തന്നെ വിപ്ലവാനന്തരം ഇസ്ലാമിസ്റ്റുകള്‍ക്ക് മേല്‍കൈ ലഭിച്ച മറ്റു അറബ് നാടുകളായ തുനീഷ്യ,
യമന്‍, ലിബിയ എന്നിവയെപ്പോലെയല്ല ലോകം ഈജിപ്തിനെ കാണുന്നത്.
ഡോ മുര്സിയെയും ബ്രദര്‍ഹുഡിന്റെ
രാഷ്ട്രീയ അധികാരത്തെയും ഏറ്റവുമധികം ശ്രദ്ധിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും
ചെയ്യുന്നത് ഈജിപ്തുകാര്‍ തന്നെയായിരിക്കും. പതിറ്റാണ്ടുകള്‍ നീണ്ട ഹുസ്നി
മുബാറകിന്റെ കിരാത ഭരണത്തിന് ശേഷം ഈജിപ്തുകാര്‍ക്ക് ആശ്വാസത്തിന്റെ തെളിനീരാണ
മുര്‍സിയുടെ പ്രസിഡന്റ് ആവല്. വിപ്ലവാനന്തര ഈജിപ്തിന് നല്കാല് എന്തുണ്ട്
എന്നുള്ളത് തന്നെയാണ് പ്രധാന ചോദ്യം. നേരാം വണ്ണം ഭരിച്ചില്ലെങ്കില്‍ അടുത്ത
വിപ്ലവത്തിന് താന്‍ തന്നെ മുന്നിലുണ്ടാവുമെന്നു മുര്‍സിയുടെ മകന് കത്ത് കൊടുത്തു
കഴിഞ്ഞു. മുബാറക് അനുകൂലികള്‍, ന്യൂന പക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികള്‍,
മുസ്ലിം യാഥാസ്ഥിതികര്‍, സലഫികള്‍, സോഷ്യലിസ്റ്റ് - നാസ്സരിസ്റ്റുകള്‍,
തുടങ്ങിയവരെയെല്ലാം കൂട്ടിയോജിപ്പിച്ച് പ്രശ്നങ്ങളില്ലാതെ മുര്‍സി എങ്ങിനെ നയിക്കും
എന്ന് തന്നെയാണ് ഈജിപ്തുകാര്‍ ഉറ്റു നോക്കുന്നത്.
അറബ്
നാടുകള്‍ പ്രത്യേകിച്ചും ഗള്‍ഫ് നാടുകളാണ്
ഈജിപ്തിനെ സാകൂതം വീക്ഷിക്കുന്ന മറ്റൊരു വിഭാഗം. 2010 ന്റെ അവസാനത്തില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ
വിപ്ലവത്തിന് ഏറ്റവും ശ്രദ്ദേയമായ നാടാണ് ഈജിപ്ത്. കാരണം ഇസ്ലാമിസ്റ്റുകള്‍ക്ക്
ഏറ്റവും സ്വാധീനമുള്ള നാടാണ് അത്. അറബ് നാടുകളില്‍ പൊതുവെയും ഗള്‍ഫ് നാടുകളില്‍
പ്രത്യേകിച്ചും ബ്രദര്‍ഹുഡ് നിരോധിത
സംഘടനയാണ്. ഈജിപ്താകട്ടെ മേഖലയിലെ ഏറ്റവും ശക്തമായ നാടാണ്. കലാ സാംസ്കാരിക
ആസ്ഥാനം. സാഹിത്യങ്ങളും ചലച്ചിത്രങ്ങളും വേണ്ടുവോളം വളര്‍ന്ന നാട്. ക്ലാസിക്കല്‍
നാഗരിഗതയുടെ പ്രോക്താക്കള്‍. കൂടുതല്‍ ജനസംഖ്യയുള്ള നാട്. “ ഈജിപ്ത് ഭരിക്കുന്നവര്‍
അറബികളെ ഭരിക്കുന്നു” എന്ന് ഒരു ചൊല്ല് തന്നെയുണ്ട്
അറബിയില്‍. മേഖലയിലെ ഈജിപ്തിന്റെ മേല്‍കൈ
ഉപയോഗിച്ച് അറബ് നാടുകളില്‍ ബ്രദര്‍ഹുഡിനു
പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കേണ്ടി വരുമോ? അത് ഏകാധിപതികള്‍ക്ക്
എതിരെയുള്ള മറ്റ് ജനാധിപത്യ വിപ്ലവങ്ങള്‍ക്ക് മരുന്നകുമോ എന്നൊക്കെ അറബ്
ഭരണാധികാരികള്‍ ഭയക്കുന്നു. അതിനാല്‍ മുര്‍സിയുടെ ഓരോ നീക്കവും ആശന്കയോടും പ്രതീക്ഷയോടും കൂടിയായിരിക്കും അറബ് ലോകം
വീക്ഷിക്കുന്നത്. നേരെ മറിച്ച്, വിപ്ലവാന്തരം ഇസ്ലാമിസ്റ്റുകള്‍ക്ക് മുന്നേറ്റം
ലഭിച്ച തുനീഷ്യ പോലുള്ള നാടുകള്‍ ആവട്ടെ, തങ്ങള്‍ക്കൊരു മാതൃക എന്നാ
അടിസ്ഥാനത്തിലാണ് ഈജിപ്തിനെ നോക്കുന്നത്.
അമേരിക്കയും യൂറോപ്യന്‍ യൂനിയനുമുള്‍പ്പെട്ട
പാശ്ചാത്യ രാജ്യങ്ങളും ഈജിപ്തിലെ ഈ അധികാരമാറ്റം പ്രാധാന്യത്തോടെയാണ് നോക്കുന്നത്.
ജനാധിപത്യത്തിന്റെ ഇസ്ലാമിക മൂല്യങ്ങളിലൂന്നിയ ഈ പരീക്ഷണം എത്ര മാത്രം വിജയിക്കും
എന്നുള്ള ജിജ്ഞാസ മാത്രമല്ല ഇതിനു പിന്നില്‍. സുഹൃദ് ബന്ധത്തിന്റെയും
മൈത്രിയുടെയും ചരിത്രമുണ്ടാക്കിയ തുര്‍ക്കിയുടെ മറ്റോരു പതിപ്പായി ഈജ്പ്ത്
മാറിയാല്‍ അത് മേഖലയിലെ അമേരിക്കന്‍ താല്പര്യങ്ങള്ക്ക് വിരുദ്ധമാകും എന്നതില്‍
തര്‍ക്കമില്ല. ജനാധിപത്യത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുകയും മധ്യപൌരസ്ത്യ
ദേശത്ത് ഏകാധിപതികളെ പിന്തുണക്കുകയും ചെയ്യുന്ന വിചിത്ര ഏര്‍പ്പാടാണ് ഇത് വരെയായി
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെയ്തു പോരുന്നത്. ബരാക് ഒബാമ നിയുക്ത
ഈജിപ്ത് പ്രസിഡണ്ട് മുര്‍സിയെ
അഭിനന്ദിച്ചത് പോലും ഇസ്രായേലുമായുള്ള ക്യാമ്പ് ഡേവിഡ് കരാര്‍ ഒര്ത്തിട്ടാണ്
എന്ന് സംസാരമുണ്ട്. ഇസ്ലാം ഭീതി വിതക്കുകയും തീവ്രവാദം പറഞ്ഞു മുസ്ലിംകളെ
ഒറ്റപ്പെട്ടടുത്തി ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കന്‍ രീതിക്ക് ഇനി അറബ്
നാടുകളില്‍ വേണ്ടത്ര വേരോട്ടം കിട്ടിക്കൊള്ളണം എന്നില്ല. മാത്രമല്ല, അല്‍ ഖായിദ
പോലെയുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളെ തള്ളിപ്പറഞ്ഞ ബ്രദര്‍ഹുഡ് അമേരിക്കന്‍ ന്യായങ്ങള്‍ അരിപ്പ വെച്ച് മാത്രമേ
സ്വീകരിക്കുകയുള്ളൂ എന്നും അമേരിക്കക്ക് നന്നായി അറിയാം.
മൂന്നാം ലോക രാജ്യങ്ങളും വികസ്വര
രാജ്യങ്ങളും ഈ അധികാര മാറ്റം കാര്യമായിത്തന്നെയാണ് വീക്ഷിക്കുന്നത്. വികസിത
രാജ്യങ്ങള്‍ക്കും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കും ഉപരിയായി ഒരു മൂന്നാം ചേരി വളരെ
അത്യാവശ്യമാണ്. കമ്യൂണിസ്റ്റു ചേരി ദുര്‍ബലപ്പെട്ടു മൊത്തത്തില്‍ മുതലാളിത്ത
ചേരിയായി മാറിയ ഒരു ലോകമാണ് ഇന്നുള്ളത്. ഈ മൂന്നാം ചേരിയെ ശക്തിപ്പെടുത്താന്‍ ബ്രദര്‍
ഹുഡിന്റെ അധികാരാരോഹണം വഴി വെച്ചേക്കും. ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി
ഇപ്പോള്‍ ഈജിപ്ത് പ്രസിഡന്റ് ആണ്. നേരത്തെ
ഹുസ്നി മുബാറകും തുടര്‍ന്ന് സൈനിക മേധാവി മുഹമ്മദ് ഹുസൈന് തന് താവി യും.
ഇനിയങ്ങോട്ട് ഡോ. മുര്സിയായിരിക്കും 120 അംഗ
രാജ്യങ്ങള്‍ ഉള്ള ചേരിചേരാ
പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറല്‍. അമേരിക്കക്കും ചൈന റഷ്യ ബെല്‍റ്റുകള്‍ക്കും
അപ്പുറത്ത്, വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ വിലപേശി അവതരിപ്പിക്കാന്‍
നെഹ്രുവും ഈജിപ്ത് പ്രസിഡണ്ട് ജമാല്‍
അബ്ദുന്നാസിറും യുഗോസ്ലാവ്യന്‍ പ്രസിഡണ്ട് ടിറ്റോയും ചേര്‍ന്നുണ്ടാക്കിയ ചേരി ചേര
പ്രസ്ഥാനത്തിന്റെ ഒരു പുനര്‍ജന്മമാണ് മുര്സിയിലൂടെ വികസ്വര രാജ്യങ്ങള്‍
പ്രതീക്ഷിക്കുന്നത്. അങ്ങിനെ എകധൃവ ലോകത്തെ സമതുലനപ്പെടുത്താനും. അതും
മുതലാളിത്തത് കമ്യൂണിസ്റ്റ് ചേരിക്ക് അപ്പുറമുള്ള ഇസ്ലാമിസ്റ്റു കളില്‍
നിന്നാവുമ്പോള്‍ പ്രത്യേകിച്ചും.
അന്ത: സംഘര്‍ഷങ്ങള്‍ കൊണ്ടും വികസന
മുരടിപ്പ് കൊണ്ട് പ്രയാസമാനുഭാവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഈ വിജയം പ്രതീക്ഷയോടെ നോക്കുന്ന മറ്റൊരു
വിഭാഗം. അഭ്യന്തര സംഘര്‍ഷങ്ങലുള്ള സൊമാലിയ, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍,
വടക്കന്‍ തെക്കന്‍ സുഡാന് പ്രശ്നങ്ങള്‍ എന്നിവടങ്ങളില്‍ ഇസ്ലാമിസ്റ്റുകളുടെ
നേതൃത്വത്തിലുള്ള ഈജിപ്തിന് ക്രിയാത്മകമായ പരിഹാരങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍
സാധിക്കും. വികസനം എത്തിനോക്കാത്ത രാജ്യങ്ങള്‍ക്ക് ഈജിപ്ത് ഒരു വഴി കാട്ടിയാവും.
മേഖലയിലെ മറ്റു മുസ്ലിം രാജ്യങ്ങള്‍ക്കും ഈജിപ്ത് ഒരു നേതാവായി മാറും.
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഫലസ്തീനും
ഇസ്രായെലുമാണ് ഈജിപ്തിലെ മാറ്റങ്ങളെ
ഇമവെട്ടാതെ നോക്കുന്ന ഒരു വിഭാഗം. അതില്‍ ഇസ്രായേലിന്റെത് ആശന്കാകുലമായ നോട്ടമാണ് എങ്കില്‍
ഫലസ്തീനിന്റെത് ആശ്വാസപൂര്‍വമുള്ള ഒരു നോട്ടമാണ്. പശ്ചിമേഷ്യയിലെ സമാധാനം മുന്‍ നിര്‍ത്തി 1979 ല്‍ ഒപ്പ് വെച്ച ക്യാമ്പ് ഡേവിഡ് കരാര്‍ പുന;
പരിശോധിക്കുമോ എന്നതാണ് ഇസ്രായേലിന്റെ പേടി. ഇസ്രയേലിനു അനുകൂലമായ ഈ കരാര്‍
നിരന്തരം ലംഘിച്ചു കൊണ്ടിരിക്കുന്നത് ഇസ്രായേല്‍ തന്നെയാണ്. ഫലസ്തീന്റെ
പരമാധികാരം, ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍ എന്നീ വിഷയങ്ങളില്‍
ഇസ്രായേല്‍ കരാര്‍ ലംഘിചിട്ടാണ് ഉള്ളത്. എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും മാനിക്കും
എന്ന് മുര്‍സി പറഞ്ഞിട്ടുണ്ടെങ്കിലും
ഏതെങ്കിലും കക്ഷികള്‍ കരാര്‍ ലംഘിച്ചുട്ടുണ്ട് എങ്കില്‍ ആ കരാര്‍
ഈജ്പ്തുലടനീളം വോട്ടെടുപ്പ് നടത്തിയിട്ട് മാത്രമേ ഈജിപ്ത് പുന; പരിശോധിക്കുകയുള്ളൂ
എന്നുമുള്ള വാക്ക് പക്ഷെ, ഇസ്രായേലിനു ഒരിക്കലും ആശ്വസിക്കാന്‍ വകയുള്ളതല്ല.
മറുഭാഗത്ത്, ഇസ്രായേല്‍ ഏറ്റവും ആക്രമിക്കുകയും നേതാക്കളെ ടാര്‍ഗറ്റ് ചെയ്തു
കൊല്ലുകയും ചെയ്യുന്ന ഫലസ്തീനിലെ ഹമാസ് എന്ന സംഘടന ബ്രദര്‍ ഹുഡിന്റെ ഫലസ്തീനിലെ
രൂപമാണ്. അതിനാല്‍ ഹമാസ് പ്രവര്‍ത്തകരെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍
ഒരുപാട വിലപേശലുകള്‍ക്ക് വിധേയമാകേണ്ടി
വരും. ലോക ജൂതരും ഇസ്രായേലിലെ ഭരണവിരുദ്ധ വിഭാഗമായ റഫ്യൂസ്നിക്സ് കളും ഈജിപ്തിലെ ഈ അധികാര മാറ്റത്തെ മാറി നിന്ന്
നോക്കി കാണുന്നുണ്ട് .
ലോക ക്രിസ്ത്യാനികളാണ് ഈ ഭരണമാറ്റം വീക്ഷിക്കുന്ന മറ്റൊരു വിഭാഗം.
ഈജിപ്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോടുള്ള സമീപനം, ലോകത്തിലെ പ്രബല മതങ്ങളായ
ക്രിസ്തു മതവും ഇസ്ലാമും തമ്മിലുള്ള സൌഹൃദത്തിനു ഇസ്ലാമിസ്റ്റു ഈജിപ്തിന് എന്ത്
സംഭാവന ചെയ്യാനാകും എന്നുള്ളതും പ്രധാനമാണ്. മുബാറകിന്റെ കാലത്ത് ഭരണകൂടത്തിനു
ആവശ്യമുള്ളപ്പോള്‍ എല്ലാം തന്നെ ഈജിപ്തിലെ കൃസ്ത്യന്‍ മുസ്ലിം വിശ്വാസികള്‍ക്കിടയില്‍
ഭിന്നത ഉണ്ടാക്കലും അത് ബ്രദര്‍ഹുഡിന്റെ തലയില്‍ കെട്ടി വെക്കലും
സാധാരണമായിരുന്നു. വിപ്ലവത്തിനിടയിലും അതിനു ശ്രമം നടന്നിരുന്നു. ബ്രദര്‍ഹുഡിന്റെ
സമയോചിത ഇടപെടലാണ് വര്‍ഗീയ കലാപത്തില്‍ നിന്നും ഈജിപ്തിനെ രക്ഷിച്ചത്. ഡോ.
മുര്സിയില് പ്രതീക്ഷയര്‍പ്പിച്ച് കോപ്റ്റിക്ക് സഭ ഇപ്പോള്‍ തന്നെ കത്ത്
കൈമാറിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റുകള്‍ അല്ലാത്ത മറ്റ്
മുസ്ലിംകള് ആണ് ഈജിപ്തിനെ നോക്കി ക്കാണുന്ന മറ്റൊരു വിഭാഗം. അതില്‍ യാഥാസ്ഥിതിക
മുസ്ലിംകളും, സലഫികളും തീവ്ര നിലപാടുള്ളവരും പെടും. പുറമേ ശിയാക്കളും. യാഥാസ്ഥിതിക
മുസ്ലിംകള് തെല്ല് അമ്പരപ്പോടും സലഫികള്‍ ജിജ്ഞാസയോടും തീവ്ര നിലപാടുള്ളവര്‍
ആശങ്കയോടുകൂടിയുമാണ് ഇതിനെ കാണുന്നത്.
ശിയാക്കള്‍ ആകട്ടെ, തെല്ല് ആശ് ചര്യത്തോടും. ഇറാന് ആവട്ടെ, പൊതുവേ സന്തോഷത്തോടെ
യാണ് ഈജിപ്തിലെ അധികാര കൈമാറ്റം വീക്ഷിക്കുന്നത്.
എല്ലത്തിലുമുപരിയായി, പ്രതീക്ഷയോടും
ആശങ്കയോടും കൂടി മുര്‍സിയുടെ സര്‍ക്കാരിനെ വീക്ഷിക്കുന്നത് ഇസ്ലാമിസ്റ്റുകള്‍
തന്നെയാണ്. ഇസ്ലാമിസ്റ്റുകള്‍ക്ക് ലഭിച്ച ഈ അംഗീകാരത്തിന്റെ ഭാവി എന്താകും എന്നാണു
അവരുടെ ആശങ്ക. എന്നാല്‍ ജനാധിപത്യ ഇസ്ലാമിനെ ഏറ്റവും നന്നായി പ്രതിനിധാനം ചെയ്യാന്‍
സാധിക്കുക ബ്രദര്‍ഹുഡിനാണ് എന്നതാണ് പ്രതീക്ഷ. ലോകത്തുടനീളമുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക്
ചൂണ്ടിക്കാണിക്കാവുന്ന ഒരു മാതൃക കിട്ടുകയും ചെയ്യും. അതിലുപരി അറബ് നാടുകളിലും
മറ്റിതര നാടുകളിലും നിരോധിക്കപ്പെട്ട് , പ്രവര്‍ത്തകരൊക്കെ ജയിലില്‍ അകപ്പെട്ടു
കിടക്കെ, ഈജിപ്തിന് വല്ലതും ചെയ്യാനാവുമോ എന്നുള്ള ഒരു ആശ്വാസവും അവര്‍ക്കുണ്ട്.
അതിനൊക്കെ അപ്പുറത്ത്, ഇസ്ലാം ഭീതി വിതക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങള്‍ക്കും
അവരുടെ സില്ബന്ധികള് ആയ മാധ്യമങ്ങള്‍ക്കും ഇസ്ലാമിസ്റ്റുകളെയും മുസ്ലിം
തീവ്രവാദികളെയും വേര്‍ത്തിരിച്ചു മനസ്സിലാക്കാനാവാത്ത ഒരു അവസ്ഥ നിലവിലുണ്ട്. അതായത്,
അല്‍ ഖായിദയും ഹമാസുമെല്ലാം ഒരേ പോലത്തെ തീവ്രവാദികളാണ് എല്ലാവര്ക്കും.
ലോകതെവിടെയാണെങ്കിലും അക്രമത്തിന്റെ പാത
സ്വീകരിക്കാതവരാന് ഇസ്ലാമിസ്റ്റുകള്‍. എല്ലായിടത്തും സമാധാനത്തിന്റെ പാത
സ്വീകരിക്കുകയും, ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അനീതിക്കെതിരെ ഉറക്കെ
സംസാരിക്കുകയും ചെയ്യുന്നവര്‍ ജന മനസ്സുകളില്‍ സ്വാധീനം നേടിയത് തങ്ങളുടെ സേവന
പ്രവര്തനങ്ങളിലൂടെയാണ്. ആ മാതൃകയും ശത്രുവിനെതിരെ സായുധ പോരാട്ടം നടത്തണമെന്ന്
ആഹ്വാനം ചെയ്യുകയും ചെയ്യുന്ന തീവ്ര സലഫി നിലപാടുള്ള ജിഹാദിസ്റ്റുകളും ഒരിക്കലും ഒന്നല്ല. അല്‍ ഖ്വയ്ദയുടെ നേതാവ്
അയ്മന് സവഹിറിയുടെ ജിഹാദാഹ്വാനം അര്‍ഹിച്ച പ്രാധാന്യത്തോടെ തള്ളിയ ചരിത്രമാണ്
ബ്രദര്‍ഹുഡിന്റെത്. ഇത് മനസ്സിലായാലും ‘ മനസ്സിലാകയ്ക’ നടിക്കുന്നവരാന്
ഇന്നുള്ളത്. ഈ സ്ഥിതിക്ക് അറുതി വരുന്ന ഒരു സമയം അധികം വിദൂരമല്ല, എന്ന്
ഇസ്ലാമിസ്റ്റുകള്‍ സമാധാനിക്കുന്നു.
ചുരുക്കത്തില്‍ ഒരു ആഫ്രിക്കന്‍
രാജ്യത്ത് അല്ലെങ്കില്‍ ഒരു മധ്യപോരസ്ത്യ ദേശത്ത് നടന്ന ഒരു വിപ്ലവവും അധികാര
കൈമാറ്റവുമല്ല, മറിച്ച്, ലോക ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തിര കൊളുത്തുന്ന
ഒരു വിജയമാണ് ഈജിപ്തില്‍ സംഭവിച്ചിരിക്കുന്നത്.