പണ്ട് പണ്ട്
വളരെ പണ്ട് കോംപ്ലാന്‍ കണ്ടു പിടിക്കുന്നതിനു മുമ്പ് മനുഷ്യക്കുട്ടികള്‍ എല്ലാം
വളര്‍ച്ച മുരടിച്ചവരും കുള്ളന്മാരും കണ്ടിടത്തെല്ലാം പിടിച്ചു തൂങ്ങുന്നവരും
ആയിരുന്നു. പിന്നീട് കോംപ്ലാന്‍ വന്നപ്പോഴാണ് കുട്ടികള്‍ വലുതാകുമെന്നും വര്‍ഷം
തോറും നാലിഞ്ച് നീളം വെക്കാന്‍ രണ്ടു നേരം കോംപ്ലാന്‍ കുടിച്ചാല്‍ മതി എന്നും
മനസ്സിലായത്.
അതേ കാലയളവില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും പലവിധ മാറാ രോഗങ്ങളും വയറിളക്കവും വരട്ടു ചൊറി തുടങ്ങി പലവിധ അസുഖങ്ങളുമുണ്ടായിരുന്നു. കാരണം അന്ന് ലൈഫ് ബോയ് സോപ്പ് വിപണിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ലൈഫ് ബോയ് സോപ്പ് വന്നപ്പോഴാണ് ആ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകത്തതിനാല് ആയിരുന്നു ഈ അസുഖങ്ങള്‍ ഒക്കെ ഉണ്ടായിരുന്നത് എന്നും മനസ്സിലാക്കാനായത്. ഇന്നിപ്പോള്‍ ലൈഫ് ബോയ് സ്നാനം പതിവാക്കിയതിനാല്‍ ഒരു കുട്ടിക്ക് പോലും വയറിളക്കം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, നാട്ടിലെ ഡോക്ടര്‍മാരെല്ലാം കുട്ടികള്‍ക്ക് എങ്ങിനെ വയറിളക്കം ഉണ്ടാക്കി നാല് കാശുണ്ടാക്കാം എന്നാ ചിന്തയിലാണത്രെ.
അന്നൊക്കെ
കുട്ടികള്‍ മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതും അമ്മമാര്‍ക്ക്
സന്തോഷമുണ്ടാക്കുന്നതും അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അത് അവര്‍ക്ക്
ആധിയുമായിരുന്നു. തറയില്‍ അപ്പിയിട്ട കുഞ്ഞിനെ എടുത്തു ചിരിച്ചു ഒന്നോ രണ്ടോ ഉമ്മ
കൊടുത്താണ് അപ്പി കഴുകാന്‍ കൊണ്ട് പോകാറ്. ആ കഴുകല്‍ ആവട്ടെ അവര്‍ക്ക് മാനസിക നിര്‍വൃതി
നല്‍കുന്നതും ആയിരു ന്നു. അതിനാല്‍ തന്നെ ചെറിയ കുഞ്ഞുങ്ങളുടെ പൃഷ്ഠ ഭാഗത്ത്
ഏച്ചു കേട്ടലുകള്‍ ഇല്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് കുഞ്ഞുങ്ങള്‍ തറയില്‍
മൂത്രമൊഴിക്കുന്നത് മഹാ പാതകമാനെന്നും അത്
മാതാക്കള്‍ക്ക് ഭയങ്കര മാനസിക പ്രയാസമുണ്ടാക്കുമെന്നും ആ ക്ളിഷ്ടത മാറിക്കിട്ടാന്‍
ഹഗ്ഗീസ് ഉപയോഗിച്ച് കുഞ്ഞിന്റെ മുന്‍ പിന് ദ്വാരങ്ങള്‍ക്ക് ബന്ധനം സൃഷ്ടിക്കണമെന്നും
അഥവാ ഇനി ഒന്നോ രണ്ടോ പുറത്ത് വന്നാല്‍ ആയത ഒരിക്കലും തറയില്‍ ആവരുതെന്നും.
ചുറ്റിക്കെട്ടിയ ഹഗ്ഗീസില്‍ മലവും മൂത്രവും പേറി അമ്മക്ക് സൌകര്യപ്പെടുന്നതുവരെ
കുഞ്ഞു കഴിഞ്ഞു കൂടണം ന്നും അതാണ് ഉന്നതവും പാശ്ചാത്യവും അനുകരണീ യവുമായ
സാംസ്കാരിക മാതൃക എന്നും പൊതുജനം മനസ്സിലാക്കിയത്.
അത് പോലെ മാതാ
പിതാക്കള്‍ മക്കളെ കൂട്ടാതെ പുറത്ത് പോവുമ്പോള്‍ മക്കള്‍ കരഞ്ഞു വിളിക്കുകയും
വാശി പിടിക്കുകയും ഭക്ഷണം ബഹിഷ്കരിക്കുകയും ചെയ്യലായിരുന്നു പണ്ട് പതിവ്.
ഇപ്പോഴത്തെ കാലത്താവട്ടെ മാതാ പിതാക്കള്‍ മക്കളെ വീട്ടിലിട്ടു പോകുമ്പോള്‍ ആയത
മക്കള്‍ക്ക് അനിര്‍വചനീയമായ സന്തോഷം അനുഭവപ്പെടുമെന്നും ആ അവസരം ഹാപ്പി ജാം
കട്ടെടുത്തു തിന്നാനുള്ള സുവര്‍ണ അവസരമായി കുട്ടികള്‍ മനസ്സിലാക്കുമെന്നും
സന്തോഷത്തിന്റെ ഉന്മാദത്തില് അവര്‍ തൂണില്‍ വലിഞ്ഞു കേറുമെന്നും അങ്ങിനെ സന്തോഷം
തിന്നാന്‍ തുടങ്ങുമെന്നും നമ്മള് മനസ്സിലാക്കുന്നു. ആയത് വാര്‍ത്തകള്‍
തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാ കുടുംബാംഗങ്ങളും മനസ്സിലാക്കണമെന്നും.
വൈദ്യതി
വിളക്കുകളും തെരുവ് വിളക്കുകളും അധികരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍
വെളിച്ചം കാണിക്കുക എന്നാ പഴയ ഉപകാരത്തില്‍ നിന്ന് ഭിന്നമായി മറ്റു പല ഉപയോഗങ്ങളും
ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. അതായത്,
ടോര്‍ച്ച് ജീപ്പാസ് ആണെങ്കില്‍ നിലാവില് ചിത്രീകരിക്കുന്ന പാട്ട് രംഗത്തില്‍
അമ്പിളി മാമന് പകരം വെക്കാനും, സാന്‍ഫോര്‍ഡ് ആണെങ്കില്‍ കുരങ്ങന്റെ കയ്യില്‍
കൊടുത്തു പൂവന് കോഴിയെ കബളിപ്പിച്ചു കൂവിപ്പിക്കാനും മിസ്റ്റര്‍ ലൈറ്റ്
ആണെങ്കില്‍ ഇരുമ്പു വളക്കുന്ന മല്ലന്റെ കൈബലം പരീക്ഷിക്കാനുള്ള വസ്തുവായും മറ്റും.
ഇതിനും പുറമേ, രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്പിള്ളാര്ക്ക് ഉപദ്രവിക്കുന്നവരെ
അടിക്കാനുള്ള വടിയായും ടോര്‍ച്ച് ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
വിഡ്ഢിപ്പെട്ടി
കണ്ടിരിക്കുന്ന ആള്‍ക്ക് വെളിക്കിരിക്കാന്‍ തോന്നുന്ന, ചുരുങ്ങിയ പക്ഷം ഒരു
കീഴ്വായു ശങ്കയെങ്കിലും ഉണ്ടാക്കുന്ന പരസ്യങ്ങളും ഇന്ന് വേണ്ടത്രയുണ്ട്. അതില്‍
പെട്ടതാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ സ്ട്രെച്ചറില്‍ കൊണ്ട് പോകപ്പെടുന്ന ആള്‍ക്ക്
ഇന്തോമി തിന്നാന്‍ തോന്നുന്നത്. പാരഗണ്‍ ചെരുപ്പ് ധരിച്ചതിന്റെ പേരില്‍ ബാങ്ക് ലോണ്‍
കൊടുക്കാന്‍ നിര്‍ബന്ധിതനാവുന്ന ബാങ്ക് മാനേജര്‍ ഏകദേശം അതിന്റെ അടുത്ത് തന്നെ
വരുന്നു. ബ്രിട്ടാനിയ ഗുഡ് ഡേ കഴിച്ചതിന്റെ പേരില്‍ പൃഷ്ടം കുലുക്കി നൃത്തം
ചെയ്യുന്നത്. എന്തിനേറെ പറയുന്നു, ദേഹത്ത് കാഷ്ടിച്ച കാക്കയുടെ അടുത്തേക്ക്
ച്യൂയിംഗം വീര്‍പ്പിച്ചു ‘ഹൈഡ്രജന്‍ ബലൂണ്‍’ ആക്കി പറന്നു ചെന്ന് പേസ്റ്റ് ഒഴിക്കുന്ന ഒരു ച്യൂയിംഗ പരസ്യം ഇതില്‍ നിന്ന്
വിരുദ്ധമായി ഓക്കാനം ഉണ്ടാക്കുന്നതായിരുന്നു.
അങ്ങിനെ പരസ്യങ്ങള്‍
ആവശ്യത്തിന് ഉണ്ടായതിനാല്‍ നമ്മളൊക്കെ സംസ്കാര സമ്പന്നരായി. ഇല്ലെങ്കിലുള്ള അവസ്ഥ
ഒന്ന് ആലോചിച്ചു നോക്കൂ? ഹോ! ചിന്തിക്കാന്‍ പോലും വയ്യ!