താങ്ങു
വിലയില്ലാത്ത
നമ്മുടെ
തേങ്ങ!
-റഹ്
മത്തുല്ലാ മഗ് രിബി
കേരളത്തിനു ആ
പേര് വന്നത് കേരം തിങ്ങിയ നാട് എന്ന അര്‍ത്ഥത്തിലാണ് എന്ന് വിവരമുള്ള ആരോ എഴുതി
വെച്ചിട്ടുണ്ട്. അഥവാ കേരളം എന്ന് പറഞ്ഞാല്‍ തെങ്ങിന്റെ നാട്. തെങ്ങിന് തോപ്പ്, കല്പകതോപ്പ് , നാളികേരത്തിന്റെ നാട്
എന്നിങ്ങനെയൊക്കെ കേരളത്തെ വിളിച്ചവരാണ്
നമ്മുടെ കവികള്‍. കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഏറ്റവും മനംകുളിര്‍പ്പിക്കുന്ന
കാഴ്ച ജലാശയത്തിലേക്ക് ചാഞ്ഞു നില്ക്കുന്ന തെങ്ങുകള്‍ തന്നെയാണെന്ന് ആരും
സമ്മതിക്കും. തരക്കേടില്ലാത്ത വില കിട്ടിയിരുന്നു തേങ്ങക്ക്. അമ്പത്
തെങ്ങുണ്ടെങ്കില്‍ ഒരു ചെറിയ കുടുംബത്തിന് സുഖമായി ജീവിച്ചു പോകാമായിരുന്നു.
- നിന്റെ തേങ്ങ- എന്നൊരു പ്രയോഗം മലബാറില്‍ ഉണ്ട്. ഒരു
വിലയും ഇല്ലാതായ ഈ അവസരത്തില്‍ ആ പ്രയോഗത്തിന് ജീവന് വെച്ചിരിക്കുന്നു. ഇരുപതു
വര്‍ഷം മുമ്പ് തേങ്ങക്ക് അഞ്ച് രൂപയോളം ഉണ്ടായിരുന്നു. ഇന്ന് അത് മാറി മറിഞ്ഞു
തിരിച്ചു അഞ്ചിലും താഴെ ആയിരിക്കുന്നു. തെങ്ങ് കയറാന്‍ അന്ന് മൂന്നു തെങ്ങിന് ഒരു
തേങ്ങ എന്നായിരുന്നു കൂലി. ഇപ്പോഴാകട്ടെ, ഒരു തെങ്ങിന് ഇരുപത്തഞ്ച് രൂപ നല്കിയെ പറ്റൂ. തേങ്ങ എന്ന സാധനം കയറി
ഇട്ടവന് പോലും വേണ്ടാത്ത അവസ്ഥ. എന്നല്ല, ഒരു തെങ്ങില്‍ നിന്ന് ആറു തേങ്ങയെങ്കിലും
കിട്ടിയില്ലെങ്കില്‍ തെങ്ങ് കയറ്റക്കാരന് കയ്യില്‍ നിന്ന് കൂലി കൊടുക്കണം താനും.
ചുരുക്കത്തില്‍ തേങ്ങയിടാതെ വീഴുന്നതും കാത്തു നില്ല്ക്കുകയാണ് പല തെങ്ങ് കര്‍ഷകരും.
ഒരു ദിവസം നൂറു തെങ്ങ് കയറാന്‍ പറ്റും എന്നുണ്ടെങ്കില്‍ കേരളത്തില്‍ ഇന്ന് നിലവില്‍
ഏറ്റവും ശമ്പളം വാങ്ങാവുന്ന തൊഴില്‍ ഇത് ത്തന്നെ യായിരിക്കും.
കൃഷിക്ക് വളരെ
പ്രാമുഖ്യം കൊടുക്കുന്നു എന്ന് പറയപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഈ ദുരവസ്ഥ. എവിടെ
നോക്കിയാലും കാണുന്നതും ഒരു പാട് പേര് ആശ്രയിക്കുന്നതുമായ ഈ കൃഷിക്ക് നേരെ
ഭരിക്കുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് ഇങ്ങിനെയൊരു സമീപനം സ്വീകരിച്ചത് എന്ന്
എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ചരിത്രത്തില്‍ ഇത്ര മാത്രം വിലയിടിഞ്ഞ ഒരു
സന്ദര്‍ഭം വേറെ ഉണ്ടായിക്കാണില്ല. അവശ്യ സാധങ്ങള്‍ക്ക് റോക്കറ്റ് പോലെ വില
കുതിച്ചുയരുകയും തേങ്ങക്ക് കുത്തനെ വില കുറയുകയും ചെയ്ത ഒരു സന്ദര്‍ഭം. തേങ്ങയിടാനാവട്ടെ
വലിയ തുക മുടക്കേണ്ടി വരികയും ചെയ്യുന്നു.
തേങ്ങക്ക്
ഇത്രയധികം വിലയിടിയാനുള്ള കാരണങ്ങള്‍ വേണ്ടവണ്ണം വിലയിരുത്തപ്പെട്ടിട്ടുണ്ടോ
എന്നത് സംശയമാണ്. കാരണം മനുഷ്യന് തീരെ
ആവശ്യമില്ലാത്ത ഒന്നല്ല തേങ്ങ. മറിച്ചു അങ്ങേയറ്റം ആവശ്യമുള്ളതാണ് താനും. ലോകത്ത്
ചിലയിടങ്ങളിലെല്ലാം തെങ്ങിനെ ‘ജീവ വൃക്ഷം’ എന്ന്
അറിയപ്പെടുന്നുണ്ട്. തെങ്ങിന്റെ എല്ലാ ഭാഗവും മനുഷ്യന് ഉപയോഗമുള്ളതായതിനാല് ആണത്.
തത്തുല്യ അര്‍ത്ഥത്തിലുള്ള പ്രയോഗങ്ങള്‍ മലയാളത്തിലും കാണാം. ‘തെങ്ങ് ചതിക്കില്ല എന്ന ഒരു പ്രയോഗം മലയാളി അതുമായി
എത്ര അടുത്താണ് എന്ന് കാണിക്കുന്നു.
കവുങ്ങ് കൊണ്ട് തൂണ് നാട്ടി, തെങ്ങിന്റെ
കഴുക്കോലും പട്ടികയും കെട്ടി തെങ്ങോല വെള്ളത്തിലിട്ടു മെടെഞ്ഞെടുത്ത് അത് കൊണ്ട് മേല്‍ക്കൂര കെട്ടിയ കൂരകളില്‍
താമസിച്ചിരുന്ന ഒരു മുന്കാലം മലയാളിക്കുണ്ടായിരുന്നു. സൌന്ദര്യം വരുത്താന്‍
മച്ച്ചിങ്ങയും അസുഖം മാറ്റാന്‍ ഇളനീരും . കറിയ്ക്ക് അരയ്കാന്‍ തേങ്ങയും.
കത്തിക്കാന്‍ ഓലക്കൊടിയും കോച്ചാടയും അരിപ്പയും പിന്നെ മടലും. പുറമേ അത്യാവശ്യം
ചകിരിയും. പല്ല് തേക്കാന്‍ ചകിരിയുടെ ബ്രഷും കുളിക്കുമ്പോള്‍ ഉരക്കാന്‍ ചകിരിയും.
വസ്ത്രങ്ങളുടെ അഴുക്ക് കളയുന്ന ബ്രഷും ചകിരിയുടെ തന്നെ. വീടിനകത്ത് കോഴിയോ മക്കളോ
വിസര്ജ്ജിച്ചാല് കോരിക്കളയുന്നതും
ചകിരികൊണ്ട്. എത്ര തേങ്ങയുടെ
ചകിരിയുണ്ടായാല് ആണ് ഒരു നാല് സേര്‍ അരി വേവുക എന്ന് പണ്ടുള്ളവര്‍ക്ക് അറിയാം.
തേങ്ങാപാല്‍ രാവിലെ ഒഴിച്ച് കൂട്ടുന്ന മുഖ്യ കറി. ആ ഓര്‍മ്മകള്‍ നീണ്ടതാണ്. പക്ഷെ,
കാലം മാറി. എന്നാലും വളരെ ആധുനിക ലോകത്തും തേങ്ങയുടെയും തെങ്ങിന്റെയും വിവിധ
ഉപയോഗങ്ങള്‍ അംഗീകരിക്കപ്പെട്ടതാണ് എന്നതില്‍ സംശയമില്ല. തേങ്ങയില്‍ അന്നജം,
ഭക്ഷ്യ നാരുകള്‍, പ്രോട്ടിന്, ജീവകം ബി 3, ജീവകം സി, ഇരുമ്പ്,
മഗ്നീഷ്യം, സോഡിയം, സിങ്ക് എന്നീ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന് ശാസ്ത്രം
പറയുന്നു. തേങ്ങക്ക് ബീജോല്പാദനം വര്‍ദ്ധിപ്പിക്കാനും ശരീരം
പുഷ്ടിപ്പെടുത്താനും കഴിവുണ്ട്..
തേങ്ങയുല്പന്നങ്ങളുടെ
വിപണി വളരെ വലുതാണ് ലോകത്ത്. ആ വിപണി കണ്ടെത്താനും വേണ്ട വണ്ണം കേര കര്‍ഷകരെ
ശ്രദ്ധിക്കാനും നമ്മുടെ ഭരണകൂടങ്ങള്‍ ശ്രദ്ധിച്ചില്ല എന്നാതാണ് കേരളത്തിലെ
തേങ്ങയുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം. അതിനാലാണ് അന്താരാഷ്ട്ര വിപണിയില്‍
തേങ്ങക്ക് ഇരുപത്തഞ്ചു രൂപ ഉണ്ടായിട്ടും കേരളത്തില്‍ അഞ്ചു രൂപ പോലും ഇല്ലാത്തത്.
കേരളത്തില്‍
തേങ്ങക്ക് വിലയിടിയാനുള്ള ഒരു പ്രധാന കാരണം തേങ്ങ വെളിച്ചെണ്ണയ്ക്ക് മാത്രം
ഉപയോഗിക്കുന്നു എന്നതാണ്. തേങ്ങ വില്ക്കുന്നവരും വാങ്ങുന്നവരും എല്ലാം ഈ ഒരു
ഉല്പന്നത്തില് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കാണുമ്പോള്‍ തോന്നും
തേങ്ങ ഉണ്ടാകുന്നത് ആകെ വെളിച്ചെണ്ണ ഉണ്ടാക്കാന്‍ മാത്രമാണ് എന്ന്. തേങ്ങ അങ്ങിനെത്തന്നെ കയറ്റി അയച്ചാല്‍
നല്ല വിലയുണ്ട് എന്നാതാണ് അനുഭവം. അന്താരാഷ്ട്ര മാര്‍കറ്റില്‍ ഒരു ഇന്തോനേഷ്യന്‍
തേങ്ങക്ക് ഇരുപത്തഞ്ച് രൂപയോളം വരും ചുരുങ്ങിയത് ആയിരം എണ്ണം എടുക്കുമ്പോള്‍. ഗള്‍ഫിലെ
വിപണിയില്‍ ആവട്ടെ, ഒരു തേങ്ങ വാങ്ങണ മെങ്കില്‍ മുപ്പത്തഞ്ചു രൂപയും വരും. ആ ഒരു സാധ്യത വളരെ കുറച്ചേ നമ്മള്
പ്രയോജനപ്പെടുത്തുന്നുള്ളൂ എന്നതിനാല്‍ ശ്രീലങ്കയുടെയും ഇന്തോനെഷ്യയുടെയും തേങ്ങയാണ് ഗള്‍ഫ് മാര്‍കറ്റില്‍ സുലഭം.
പരമ്പരാഗത
രീതിയില്‍ വെറും കൊപ്രയും വെളിച്ചെണ്ണയുമാക്കി തേങ്ങയെ മാറ്റാതെ മറ്റു പല വഴിക്ക്
ചിന്തിച്ചാല്‍ ഒരു തേങ്ങയില്‍ നിന്ന് ചുരുങ്ങിയത് എഴുപതോളം രൂപക്കുള്ള ഉല്പന്നങ്ങള് ഉണ്ടാക്കാനാവും.
അതിന്റെ മുപ്പത് മുതല്‍ നാല്പത് ശതമാനം വരെ കര്ഷകന് നല്കാനുമാവും. ഇന്ന്
അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ തേങ്ങയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ
കുറിച്ചാണ് ഇനി പറയുന്നത്. ഇതാവട്ടെ, ചില ഇനങ്ങള്‍ മാത്രവുമാണ്.
തേങ്ങ അങ്ങനെ തന്നെയും ഇള നീരായിട്ടും
വില്‍ക്കാനാവും. ഇളനീരിന്റെ സാധ്യതകളും മലയാളി വേണ്ടത്ര
അന്വേഷിച്ചിട്ടില്ല. ഇത്രയധികം കേരം തിങ്ങിയ നാടായിട്ടും മലയാള നാട്ടിലേക്ക്
ഇളനീര് വരുന്നത് പലപ്പോഴും പുറത്ത് നിന്നാണ്. ഇളനീരിന് തന്നെ ഇന്ന് ഒരു പാട്
സാധ്യതകള്‍ ഉണ്ട്. ഇളനീരിന്റെ പള്‍പ്പ് മാത്രം വിപണിയില്‍ മൂല്യമുള്ളതാണ്. പലതരം
മരുന്നുകള്‍ ഈ പള്‍പ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. കരിക്കിന് വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തെ
പിടിച്ചു നിര്‍ത്തുകയും ചെയ്യുന്ന ഔഷധമാണ്. ഹൃദ്രോഗം, അതിസാരം, എന്നീ
രോഗങ്ങളിലും ഇളനീര് പാനീയമായി ഉപയോഗിക്കാം. ഹൃദ്രോഗികള്‍ ഉപ്പ്
കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണ് ഇളനീര്..
തേങ്ങയുടെ
സാധ്യതകളും അപാരമാണ്. താഴെ പറയുന്ന ഇനങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍
സുപരിചിതങ്ങളായ ഇനങ്ങളാണ്.
തേങ്ങ
ഉല്പന്നങ്ങള്
·
കൊപ്ര ചിപ്സ്:
വിപണിയില്‍ വില കിട്ടുന്ന ഒരു വസ്തുവാണ് കൊപ്ര ചിപ്സ്. ഇത് ഹല്‍വ, മധുര പലഹാരങ്ങള്‍,
പായസം തുടങ്ങിയവയ്ക്കായി ധാരാളമായി ഉപയോഗിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍
കൊപ്ര ചിപ്സിനു ആവശ്യക്കാരുണ്ട്. ഇത് വെളിച്ചെണ്ണ എടുക്കാത്ത അവസ്ഥയില്‍
ഉണക്കിയെടുത്ത കൊപ്രയുടെ നേര്‍ത്ത കഷ്ണങ്ങളാണ് .
- തേങ്ങ വെള്ളം: സംസ്കരിചെടുത്താല് വിപണന സാധ്യതയുള്ള
ഒന്നാണ് തേങ്ങ വെള്ളം. തേങ്ങ വെള്ളം കുട്ടികളിലെ ദഹനക്കേട് മാറ്ററ്റാന്, ഓറല്‍
റീഹൈഡ്രേഷന്‍, വളര്‍ച്ചയെ സഹായിക്കാന്‍, ശരീരത്തെ തണുപ്പിക്കക്കാന്, ചൂടുകുരുക്കള്‍ മാറ്റാന്‍, ചിക്കന്‍പോക്സ്, വസൂരി എന്നിവയുടെ പാടുകള്‍ മാറ്റാന്‍, കുടല് വിരകളെ നശിപ്പിക്കാന്‍,
മൂത്രസംബന്ധമായ രോഗസംക്രമം തടയാന്‍, മൂത്രത്തിലെ കല്ലിനെ അലിയിക്കാന്‍, ഗ്ലൂകൂസ്
പോലെ ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാന്‍, നിര്‍ജ്ജലീകരണം തടയാന്‍ തുടങ്ങി
നിരവധി ഉപകാരങ്ങളുള്ള ഒന്നാണ് തെങ്ങ വെള്ളം.
- തേങ്ങാ
പാല്:
- തേങ്ങ ചിരകി ഉണക്കിയത് (desiccated):
- തേങ്ങാ പൊടി: (coconut milk powder):
- തേങ്ങാ പീര: പാലെടുത്തതിനു ശേഷമുള്ളത്.
- വെളിച്ചെണ്ണ (കൊപ്ര വെളിച്ചെണ്ണ, മെഡിക്കേറ്റഡ് വെളിച്ചെണ്ണ)
- പച്ച തേങ്ങയില്‍ നിന്നെടുത്ത വെളിച്ചെണ്ണ (virgin coconut oil)
- തെങ്ങ വെള്ളത്തില്‍ നിന്ന് സുര്‍ക്ക:
- തേങ്ങാ ബട്ടര്‍ (നെയ്യില്‍ ചേര്‍ത്ത് പിസയില്‍ ഉപയോഗിക്കുന്നു
- തേങ്ങാ ക്രീം: പള്‍പ്പ് പാലോട് കൂടി കട്ടിതൈരു പോലെയുള്ള ഉല്പന്നം. വിപണിയില്‍ ഇന്തോനേഷ്യ മാത്രം.
- തേങ്ങാ കൊത്ത്: ഉണക്കാതെ സംസ്കരിച്ച ചെറിയ തേങ്ങാ കഷ്ണങ്ങള്‍
ഇനി
തേങ്ങയില്‍ നിന്നുള്ള ഉപോല്പ്ന്നങ്ങള്::
- · ചോക്ലേറ്റുകള്‍: അന്താ രാഷ്ട്ര ശ്രദ്ധ നേടിയ ബൌണ്ടി പോലെയുള്ളവ തേങ്ങാ പീരയും ഉപയോഗിക്കുന്നു.
- · തേങ്ങാ ബിസ്കറ്റ് വിവിധ രൂപങ്ങളില്‍ വിപണിയില്‍ ഉണ്ട്.
- · തേങ്ങാ ചട്ട്നി പൌഡര്‍. ഇത് ഇന്തുയും ഉണ്ടാക്കുന്നുണ്ട്.
- · തേങ്ങാ ഫ്ലേക്സ്:
- · തേങ്ങാ ചക്കര:
- · തേങ്ങാ സ്ക്വാഷ്,
- · തേങ്ങാ തേന്‍
- · തേങ്ങാ ജാം
- · തേങ്ങാ അച്ചാര്‍
ഇളനീര് കൊണ്ടുള്ള വിവിധ പാനീയങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സംസ്കരിച്ച ഇളനീര് പാനീയം പള്‍പ്പ്
ഉള്ളതും ഇല്ലാത്തതും ലഭ്യമാണ്. 200 മില്ലിക്ക് ഏകദേശം മുപ്പത് രൂപ
വിലയുണ്ട്. ഈയിനത്തില്‍ ഗള്‍ഫ് വിപണി ഇന്ന് തായ്വാന് പിടിയിലാണ്. തായ്വാന്
ഉത്പന്നത്തില്‍ മലയാളത്തില്‍ ‘ ഇളനീര്’ എന്ന് കാണുമ്പോള്‍ മനസ്സിലാവും അവര്‍ ആരെയാണ് ലക്ഷ്യം
വെക്കുന്നത് എന്ന്. ഈ യടുത്തു ഒരു കേരള കമ്പനിയും വിപണിയില്‍ വന്നിട്ടുണ്ട്.
ഓര്‍ഗാനിക്
ഉല്പന്നങ്ങള്
തേങ്ങയില്‍
നിന്നുള്ള ചില ഓര്‍ഗാനിക് ഉല്പന്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത് :
·
വെള്ള
വെളിച്ചെണ്ണ: ഇത് തേങ്ങയില്‍ നിന്നല്ല, തേങ്ങാ പാലില്‍ നിന്നാണ് എടുക്കുന്നത്.
ഇതിന്റെ ഒരു അസംസ്കൃത രൂപം പണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ
തേങ്ങാപാല്‍ എടുത്തു വെച്ച് അതു തേച്ചു കുളിപ്പിക്കുമായിരുന്നു.
- · കൊക്കോ സ്നാക് ബാര്‍ എന്നതാണ് മറ്റൊന്ന്.
- · സംസ്കരിച്ചു ടിന്നില്‍ ആക്കിയ തെങ്ങ പാല്
- · കോക്കനട്ട് അമിനോസ്
- · കോക്കനട്ട് നെക്ടാര്‍
- · കോക്കനട്ട് ക്രിസ്റ്റല്‍സ്
- · കോക്കനട്ട് കേക്ക്
ചിരട്ട
ഉല്പന്നങ്ങള്
തേങ്ങാ
ചിരട്ടയും വളരെ ഉപയോഗമുള്ള ഒരു വസ്തുവാണ്. ചില ചിരട്ട ഉല്‍പ്പന്നങ്ങളെ
പരിചയപ്പെടാം . ഇവയൊക്കെ നമ്മുടെ നാട്ടിലും വിദേശത്തും വിപണന സാധ്യതയുള്ളതാണ്.
· ചിരട്ട തവി
മലയാളിയെ ആരെങ്കിലും പറഞ്ഞു പഠിപ്പിക്കണോ? നോണ്‍ സ്റ്റിക് സ്പൂണുകളും കയ്യിലേക്ക് ചൂട് കയറാത്ത തവികളും
നോക്കുന്നവര്‍ക്ക് ഇതിനെക്കാള്‍ നല്ലത്
എന്തുണ്ട്? ചിരട്ടയും മുളയുടെ പിടിയും.
- · നിരവധി കരകൌശല വസ്തുക്കള്‍, അലങ്കാര വസ്തുക്കള്‍
- · ഐസ് ക്രീം കപ്പുകള്‍, ശീതള പാനീയ ഗ്ലാസുകള്‍
- · സ്പൂണുകള്‍, ഫോര്‍ക്കുകള്‍
- · വസ്ത്രത്തിന്റെ കുടുക്കുകള്‍ (ബട്ടണുകള്‍)
അതിനു പുറമേ
അന്താ രാഷ്ട്ര വിപണിയില്‍ ഏറ്റവും മൂല്യമുള്ള ചില ചിരട്ട ഉല്പന്നങ്ങള് താഴെ:
- · ആക്ടിവേറ്റഡ കാര്‍ബണ്‍ (ചിരട്ട കരി ): അന്താ രാഷ്ട്ര മാര്‍കറ്റില്‍ വളരെ ഉപയോഗമുള്ള ഒന്നാണ് ആക്ടീവ് കാര്‍ബണ്‍.,. ..ചിരട്ട ഇത് ഉണ്ടാക്കാനുള്ള നല്ല ഒരു വസ്തുവാണ്.
- · കോക്കനട്ട് ഷെല്‍ പൌഡര്‍ (ചിരട്ട പ്പൊടി )
- · കോക്കനട്ട് ഷെല്‍ ചാര്‍കോള്‍ (ചിരട്ട കരിക്കട്ട). ബാര്‍ബെക്യു ഉണ്ടാക്കുവാനുള്ള കരിക്കട്ടകള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ ആവശ്യമുണ്ട്.
ചകിരി
ഉല്പന്നങ്ങള്
തേങ്ങയുടെ
പ്രധാന ഭാഗം തന്നെയാണ് ചകിരിയും.
ചകിരിയുടെ വിപണി കേരളം ഏകദേശം മനസ്സിലാക്കി വരുന്നതേയുള്ളൂ. തേങ്ങയില്‍ ഒരു പക്ഷെ
ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്ളത ചകിരി കൊണ്ടായിരിക്കും.
·
ചകിരിച്ചോറ്
(കൊക്കോ പീറ്റ്) :
ഇന്ന് വലിയ വിപണിയുള്ളതാണ് . ചെറുകിട സസ്യങ്ങള്‍ക്കും ചെടികള്‍ക്കും വളരാന്‍ ഇടവും നല്ല ഈര്‍പ്പമുള്ള തടവും ഒരുക്കാന്‍ ചകിരിചോറിനു കഴിയും. ആധുനിക കോണ്‍ക്രീറ്റുകളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ചൂട് കൂടിയ രാജ്യങ്ങള്‍ ഇപ്പോള്‍ ചകിരിചോറിനു ഓര്‍ഡര്‍ നല്‍കിയതായി കാണാന്‍ സാധിക്കുന്നു. ഒരു കിലോ കയര്‍ ഉല്പാദനം നടക്കുമ്പോള്‍ രണ്ടു കിലോ ചകിരിച്ചോറ് ഉണ്ടാവുന്നു എന്നാണു കണക്ക്. ഇതില്‍ അണുബാധ വരാതെ സൂക്ഷിക്കാനുള്ള വഴികളും ഇപ്പോള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. പത്ത് തേങ്ങയില്‍ നിന്ന് ഒരു കിലോ ചകിരിച്ചൊരു കിട്ടും എന്നാണു കണക്ക്. എന്നാല്‍ അടുത്ത കാലം വരെ വെറും പാഴ്വസ്തു വായി ക്കണ്ട് കത്തിച്ചു കളയുകയോ പുഴയില്‍ തള്ളുകയോ ആയിരുന്നു ചകിരിച്ചോറ് . അന്താ രാഷ്ട്ര വിപണിയില്‍ ഡാര്‍ക്ക് കൊക്കോ പീറ്റ്, സംസ്കരിക്കാത്ത റോ കൊക്കോ പീറ്റ്, വാഷ്ഡ കൊക്കോ പീറ്റ്, ഡബിള്‍ വാഷ്ഡ കൊക്കോ പീറ്റ്, ബഫര്ഡ കൊക്കോ പീറ്റ്, കൊക്കോ പീറ്റ് പ്ലാങ്ക്സ്, ചെടികള്‍ വളര്‍ത്താനുള്ള കൊക്കോ ഗ്രോ ബാഗ്സ്, വട്ടത്തില്‍ തയാറാക്കിയ കൊക്കോ ഡിസ്ക്, എന്നിങ്ങിനെ വിവിധ ഇനങ്ങള്‍ ലഭ്യമാണ്. ശ്രീലങ്കയാണ് പ്രധാന ഉല്പാദകര്.
·
ചകിരി നാര് (കട്ട്
കയര്‍ ഫൈബര്‍): ),ഏകദേശം ഇരു പതിനായിരം തേങ്ങയില്‍ നിന്നാണ് ഒരു ടണ്‍ ചകിരി നാര്
കിട്ടുന്നത്. ചകിരി നാര് ആണ് എല്ലാ
കയറുല്പന്നങ്ങളുടെയും ആധാരം. ഇതും
അന്താരാഷ്ട്ര വിപണിയില്‍ മൂല്യമുള്ള ഒരു വസ്തു തന്നെയാണ്. ഏറ്റവും വലിയ തോതില്‍
ഇത് വാങ്ങി കൂട്ടുന്നത് ചൈനയാണ്.
·
കൊക്കോ ഹ്സ്ക്
ചിപ്സ് : (CHC): സംസ്കരിച്ച ചകിരി കഷ്ണങ്ങള്‍. വിപണിയില്‍ മൂല്യമുള്ള
ഇവയുടെ പ്രധാന ഉപയോഗം വെള്ളത്തെ തടഞ്ഞു നിര്‍ത്തും എന്നുള്ളത് തന്നെയാണ്. ചെടികള്‍ക്കും
വാര്പ്പുകള്ക്കും ഉപയോഗിക്കുന്നു.
·
ക്രഷ്ഡ് കൊക്കോ
ഹസ്ക് : ചിപ്സ് അല്ലാത്ത രൂപത്തില്‍ ചകിരി പൊടിച്ചു വരുന്നതാണ് ഇത്. കൊക്കോ ഹക്സ് ചിപ്സിന്റെ അതെ ഉപയോഗം
തന്നെയാണ് ഇതിനും. ഈ രണ്ടു ഉല്പന്നങ്ങളും
ശ്രീലങ്ക തന്നെയാണ് കയ്യടക്കി വെച്ചിരിക്കുന്നത്.
·
കയര്‍, കയറിന്റെ
ഉപ ഉല്‍പ്പന്നങ്ങള്‍: കയറും കയറിന്റെ ആവശ്യങ്ങളും സുപരിചിതമാണ്. ചെറിയ കയര്‍ മുതല്‍
വലിയ കമ്പം വരെ വിപണിയില്‍ മൂല്യമുള്ളതാണ്. അന്താരാഷ്ട്ര വിപണി നമ്മള് അത്ര
തന്നെ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വസ്തുത. കയര്‍ ടേപ്പുകള്‍ ആണ് മറ്റൊന്ന്. ചെറിയ
കട്ടിയുള്ള വീതിയുള്ള കയര്‍ ടേപ്പുകള്‍ വിപണിയിലുണ്ട്. ശ്രീലങ്കയാണ്
ഉത്പാദിപ്പിക്കുന്നത്.
·
ജിയോ ടെക്സ്റ്റ്യില്‍സ് (കയര്‍ ഭൂവസ്ത്രം): മണ്ണൊലിപ്പ് തടയാന്‍
ഉപയോഗിക്കുന്ന കയര്‍ ഉല്പന്നമാണ് ജിയോ
ടെക്സ്റ്റ്യില്‍സ് . മന്നിലകുന്നിടത്ത് തോടുകളിലും കനാലുകളിലും ഇത് വിരിച്ചാല്‍
പ്രകൃതിക്ക് ഇണങ്ങുന്നതാണ് എന്നതിലുപരി കൊണ്ക്രീടിന്റെ ശല്യം ഉണ്ടാകുകയുമില്ല.
ഇതിനു ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.
·
കയര്‍ മാറ്റുകള്‍:
കയര്‍ മാട്ടുകളും കൊട്ടകളും മറ്റു ഉല്പന്നങ്ങളും വിപണിയില്‍ മൂല്യ മുള്ളവയാണ് .
പ്രാദേശിക വിപണി തന്നെ വലുതാണ് എന്നര്‍ത്ഥം. വ്യത്യസ്ത അളവിലും ഡിസൈനിലും ഉള്ള
മാറ്റുകള്‍ ഇന്ന് ലഭ്യമായിട്ടുണ്ട്.
·
പോട്ടിംഗ്
സോയില്‍: ചെടികള്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന പ്രത്യേകം തയാറാക്കിയ മണ്ണാണ്
പോട്ടിംഗ് സോയില്‍ അല്ലെങ്കില്‍ പോട്ടിംഗ് കമ്പോസ്റ്റ് എന്ന് പറയുന്നത്. ഇതും
വിപണിയില്‍ ആവശ്യമുള്ളതാണ്. ചകിരി വെയ്സ്റ്റ്, അല്ലെങ്കില്‍ ചകിരിച്ചോറ്
ഇതുണ്ടാക്കാന്‍ പറ്റിയ നല്ല വസ്തുവാണ്.
·
കയര്‍ ലോഗ്സ് ;
(മണ്ണൊലിപ്പ് തടയാന്‍): മണ്ണൊലിപ്പ് തടയാന്‍ തടി പോലെ വട്ടത്തില്‍ ഉണ്ടാക്കിയ
കയര്‍ സിലിണ്ടറുകള്‍ അട്ടിക്കിട്ടു മണ്ണൊലിപ്പ് തടയുന്നു. തരി പോലും മണ്ണ്
നഷ്ടപ്പെടുത്താതെ വെള്ളം മാത്രം കുറേശെ ഫില്‍റ്റര്‍ ചെയ്യപ്പെടും എന്നാതാണ്
ഇതിന്റെ പ്രത്യേകത. ലോകത്ത് ഇതിനു കൂടുതല്‍ ആവശ്യക്കാരുണ്ട്.
·
കൊക്കോ ലോണ്‍:
പുതുതായി പച്ച വര്‍ണത്തില്‍ തയാറാകുന്ന മാറ്റുകള്‍ ലോകാടിസ്ഥാനത്തില്‍ വളരെ
ഉപയോഗമുള്ളവയാണ്. സ്റ്റേഡിയങ്ങളിലും മറ്റും പെട്ടെന്ന് കൃത്രിമ പുല്‍ത്തകിടി
ഉണ്ടാക്കാന്‍ ഇവ ഉപയോഗിക്കാം. ഇപ്പോള്‍ നിലവില്‍ ഹോട്ടലുകളിലും മറ്റും ഈ ആവശ്യത്തിന്
പ്ലാസ്ടിക് പുല്‍ത്തകിടി ആണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ വികസിപ്പിച്ചെടുത്തത്
എന്നാ പ്രത്യേകതയും ഇതിനുണ്ട്. വ്യാപകമായി മാര്‍കറ്റ് ചെയ്യപ്പെട്ടാല്‍ നല്ല
സാധ്യതുയുല്ലതാണ് ഈ ഉല്പന്നം.
·
കയര്‍ പ്ലൈ : കയറില്‍
പ്ലൈവുഡ് കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന മനോഹരമായ ബോര്‍ഡുകള്‍ ആണ് കയര്‍ പ്ലൈ.
ഇത് മുഖാന്തിരം നിര്‍മ്മിച്ച നിരവധി വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. കയര്‍ പ്ലൈ
ഷീറ്റുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍ ഒരു പ്ര പ്രകൃതി സൌഹൃദ ഉല്പന്നം എന്നാ അര്‍ത്ഥത്തില്‍
ഇനിയും ഇത് പ്രോമോട്ട് ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം.
തേങ്ങയില്‍
നിന്നുണ്ടാക്കാവുന്ന വ്യത്യസ്ത ഉല്പന്നങ്ങളെ ക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. ഇത്
പൂര്‍ണമല്ല. ഇനിയും കൂടുതല്‍ ഉല്പന്നങ്ങള് തെങ്ങയിലും, തേങ്ങ വെള്ളത്തിലും
ഇളനീരിലും, ചിരട്ടയിലും ചകിരിയിലും ഒക്കെ യുണ്ട്.
ഒരു തേങ്ങയുടെ തേങ്ങ ഉല്പന്നങ്ങള് ഏകദേശം ഇരുപത രൂപ, , വെള്ളത്തിന്റെ
ഉള്പന്ങ്ങള് വള്ളം അഞ്ചു രൂപ, ചിരട്ട ഉള്പന്ങ്ങള് ചിരട്ട അഞ്ചു രൂപ, , ചകിരി
ഉല്പന്നങ്ങള് ചുരുങ്ങിയത് മൂന്ന് രൂപ തുടങ്ങി മുപ്പത് രൂപയെങ്കിലും ഒരു
തേങ്ങക്ക് ലഭിക്കാന്‍ കര്ഷകന് അര്‍ഹനാണ്. അത് ലഭിക്കാത്തതിന് കാരണം. ചകിരി
വെയ്സ്റ്റ് ആയും വെള്ളം വെറുതെയും കളഞ്ഞു ആകെ വെളിച്ചെണ്ണയും കൊപ്രയും മാത്രം
ഉണ്ടാക്കാന്‍ തേങ്ങ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. ഈ സ്ഥിതി മാറ്റുവാന്‍ സര്‍ക്കാര്‍
തലത്തില്‍ തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട് .